ബെംഗളൂരു: ആമസോണിൽ ഓർഡർ ചെയ്ത സാധനത്തിന് പകരം ദമ്പതികൾക്ക് കിട്ടിയത് മൂർഖൻ പാമ്പ്. ബെംഗളൂരുവിലുളള എഞ്ചിനീയർ ദമ്പതികൾക്കാണ് ഡെലിവറി പാക്കിൽ നിന്നും മൂർഖൻ പാമ്പിനെ കിട്ടിയത്. ബെംഗളൂരു സർജാപൂർ റോഡിൽ താമസിക്കുന്ന ദമ്പതികൾക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്.(Couple finds cobra inside Amazon parcel)
രണ്ട് ദിവസം മുമ്പാണ് ആമസോണിൽ നിന്ന് ഒരു എക്സ്ബോക്സ് കൺട്രോളർ ഓർഡർ ചെയ്തത്. ഡെലിവറി പാർട്ണർ നേരിട്ടാണ് ബോക്സ് കൈമാറിയതെന്ന് ഇവർ പറഞ്ഞു. ബോക്സിൽ നിന്നും പാമ്പിനെ ലഭിച്ചത് വീഡിയോയിൽ ഇവർ പകർത്തിയിരുന്നു. ഇതിന് ദൃക്‌സാക്ഷികളുണ്ടെന്നും ദമ്പതികൾ പറഞ്ഞു.
സംഭവത്തിൽ ആമസോൺ പണം തിരികെ നല്‍കിയെങ്കിലും, തങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സംഭവമായിരുന്നു ഇതെന്ന് ദമ്പതികള്‍ പറഞ്ഞു. ഇത് പൂർണമായും ആമസോണിൻ്റെ അശ്രദ്ധയാണ്. വെയർ ഹൗസിന്റെ മേൽനോട്ടം ആമസോൺ ശരിയായി നടത്താത്തതിന്റെയും ഡെലിവറിയിൽ ഉണ്ടായ വീഴ്ചയുമാണ് സംഭവത്തിന് ഇടയാക്കിയതെന്നും ഇവർ ആരോപിച്ചു.
Read Also: 19.06.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ