തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന് സൂര്യാഘാതമേറ്റു. വെങ്ങാനൂരിലാണ് സംഭവം. പട്ടികജാതി സർവീസ് സഹകരണ സംഘം ജീവനക്കാരനായ വിഴിഞ്ഞം കല്ലുവെട്ടാൻകുഴി സ്വദേശി വിജിലാലിനാണ് (37) സൂര്യാഘാതമേറ്റത്. ഇയാളുടെ മുതുകിന്‍റെ ഭാഗത്താണ് പൊള്ളലേറ്റത്.
ഉച്ചയ്ക്ക് ഒരു മണിയോടെ ജോലിക്കിടെ പുറത്തേക്കിറങ്ങിയപ്പോഴാണ് അവശത തോന്നിയതെന്ന് വിജിലാൽ പറഞ്ഞു. ശരീരത്തിന്‍റെ പുറം ഭാഗത്ത് വലിയ ചൂട് അനുഭവപ്പെടും തലചുറ്റലുമുണ്ടായി.
ഉടൻ തന്നെ സംഘം അധികൃതരുടെ സഹായത്തോടെ ആശുപത്രി ചികിത്സ തേടി. തുടർന്ന് ഡോക്‌ടർമാരാണ് സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചത്. ചികിത്സയ്ക്ക് ശേഷം വിജിലാലിന് വിശ്രമം നിർദേശിച്ചു.
അതേസമയം സംസ്ഥാനത്ത് ബുധനാഴ്ചയോടെ വേനൽമഴ കനക്കാൻ സാധ്യത. ബുധനാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എന്നാൽ പകൽ താപനിലയിൽ വലിയ മാറ്റമുണ്ടാകില്ല.