ദീപക്കിന്റെ മരണത്തിൽ വിവാദ കുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
ഓടുന്ന ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി യുവതി പങ്കുവെച്ച വീഡിയോയെ തുടർന്നുണ്ടായ ആത്മഹത്യയാണ് സംസ്ഥാനത്ത് വലിയ ചർച്ചയായി മാറുന്നത്.
കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ടുതൊടിയിൽ യു. ദീപക് (42) ആണ് ആത്മഹത്യ ചെയ്തത്.
ബസിനുള്ളിൽ വെച്ച് ദീപക് ദുരുദ്ദേശ്യത്തോടെ തന്റെ ശരീരത്തിൽ മനഃപൂർവം സ്പർശിച്ചെന്നാരോപിച്ചാണ് യുവതി ദീപകിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും, അതിന് പിന്നാലെയാണ് ആത്മഹത്യ സംഭവിച്ചതെന്നുമാണ് റിപ്പോർട്ടുകൾ.
അതേസമയം, വീഡിയോ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത യുവതിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ ശക്തമായ വിമർശനങ്ങളും ഉയരുന്നുണ്ട്.
ഇതിനിടെയാണ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പുകൾ വലിയ വിവാദത്തിന് വഴിവെച്ചത്.
ദീപകിന്റെ മരണത്തെ പരാമർശിച്ച്, “ഇനി തിരിച്ച് ആകട്ടെ”, “ഈ മരണത്തിലൂടെയെങ്കിലും ബസിൽ ആക്രമിക്കപ്പെടുന്ന സ്ത്രീകൾക്ക് നീതി കിട്ടട്ടെ” തുടങ്ങിയ വാക്കുകൾ ഉൾപ്പെടുത്തി ശ്രീലക്ഷ്മി പങ്കുവെച്ച ആദ്യ കുറിപ്പ് ശക്തമായ പ്രതിഷേധത്തിന് കാരണമായി.
വിമർശനം രൂക്ഷമായതോടെ ഈ പോസ്റ്റ് പിന്നീട് നീക്കം ചെയ്തു.
തുടർന്ന് വിശദീകരണവുമായി ശ്രീലക്ഷ്മി അറയ്ക്കൽ മറ്റൊരു കുറിപ്പ് പങ്കുവച്ചു. ലൈംഗികാതിക്രമം നേരിടുന്ന സ്ത്രീകൾ തെളിവുകൾ സൂക്ഷിക്കാത്തപക്ഷം സമൂഹത്തിൽ ഇരVictim-blaming നേരിടേണ്ടിവരുന്ന സാഹചര്യമാണുള്ളതെന്ന് അവർ കുറിപ്പിൽ വ്യക്തമാക്കി.
തെളിവുണ്ടായിട്ടുപോലും നടി ആക്രമിക്കപ്പെട്ട കേസിൽ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പ്രചാരണങ്ങൾ നടന്നതിനെ ശ്രീലക്ഷ്മി ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ഇപ്പോൾ നടന്ന സംഭവത്തിൽ യുവതിക്കെതിരെ കേസെടുക്കരുതെന്നും, അങ്ങനെ ചെയ്താൽ ഭാവിയിൽ മറ്റൊരു പെൺകുട്ടിക്കും പ്രതികരിക്കാനോ തെളിവുകൾ ശേഖരിക്കാനോ കഴിയാതെ വരുമെന്നും ശ്രീലക്ഷ്മി അഭിപ്രായപ്പെട്ടു.
ബസുകളിൽ സ്ത്രീകൾ നേരിടുന്ന ഇത്തരം അനുഭവങ്ങൾ അനുഭവിച്ചവർക്ക് യാഥാർത്ഥ്യം എളുപ്പം മനസ്സിലാകുമെന്നും, അതിക്രമം നടത്തുന്നവർ സാധാരണയായി അഭിനയത്തിലൂടെയാണ് ഇത്തരം പ്രവൃത്തികൾ നടത്തുന്നതെന്നും അവർ ആരോപിച്ചു.
പ്രതികരിക്കുന്ന പെൺകുട്ടികളെ നിയമനടപടികളിലൂടെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ സ്ത്രീകളെ മൗനം പാലിപ്പിക്കാനുള്ളതാണെന്നും, അതുവഴി ഇത്തരം അതിക്രമങ്ങൾ തുടരുമെന്നുമാണ് ശ്രീലക്ഷ്മിയുടെ നിലപാട്.
അതുകൊണ്ടുതന്നെ ഈ കേസിൽ യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കരുതെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്നും അവർ വ്യക്തമാക്കി.
English Summary
The suicide of a man accused of sexually harassing a woman inside a moving bus has sparked intense debate in Kerala.
bus-sexual-harassment-video-accused-suicide-sreelakshmi-arakkal-controversy
bus harassment, sexual assault allegation, Kozhikode suicide, social media controversy, Sreelakshmi Arakkal, women safety, victim blaming, Kerala news, public transport harassment









