തിരുവനന്തപുരം: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസുകൾക്കിടയിൽ ഞെരുങ്ങി ബാങ്ക് മാനേജർ മരിച്ചു. തിരുവനന്തപുരം കിഴക്കേക്കോട്ടയിലാണ് ദാരുണ സംഭവം നടന്നത്. കേരള ബാങ്ക് തിരുവനന്തപുരം റീജനൽ ഓഫിസിലെ സീനിയർ മാനേജർ എം.ഉല്ലാസ് (52) ആണ് മരിച്ചത്.(Bus accident in thiruvananthapuram; kerala bank manager died)
ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. കോവളം ഭാഗത്ത് നിന്നും വരികയായിരുന്നു കെഎസ്ആർടിസി ബസ് യൂടേൺ ഇടാനായി തിരിക്കുന്നന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഈ സമയത്ത് തന്നെ ഒരു സ്വകാര്യ ബസ് കെഎസ്ആർടിസി ബസിന് മുന്നിലൂടെ വലത്തേക്ക് തിരിച്ചു. ഈ സമയത്ത് കെഎസ്ആർടിസി ബസിന്‍റെ മുൻഭാഗത്ത് നിൽക്കുകയായിരുന്ന ഉല്ലാസ് രണ്ട് ബസുകൾക്കിടയിൽ പെട്ട് ഞെരുങ്ങുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന ആളുകൾ ബഹളം വെച്ചതോടെയാണ് ബസ് ജീവനക്കാർ അപകടവിവരം അറിഞ്ഞത്. ഉടൻ തന്നെ ഫോർട്ട് പൊലീസ് സ്ഥലത്തെത്തി ഉല്ലാസിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.