തിരുവനന്തപുരം: വയനാട് പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഇന്ന് വൈകുന്നേരം മൂന്നിന് ഓൺലൈനായാണ് യോഗം ചേരുന്നത്. ടൗൺഷിപ്പ് നിർമാണം എങ്ങനെ വേണം എന്നതിലും ആരെ ഏൽപ്പിക്കുമെന്നതിലും ഇന്നത്തെ യോഗത്തിൽ തീരുമാനം എടുക്കും.
വീടുകൾ നിർമിക്കാൻ സന്നദ്ധത അറിയിച്ചവരുമായി സർക്കാർ അടുത്ത ദിവസം തന്നെ ചർച്ച നടത്തും. ഇത്തരം ചർച്ചകൾക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. എന്നാൽ വീട് നിർമിക്കാൻ സർക്കാർ കണ്ടെത്തിയ നെടുമ്പാല എസ്റ്റേറ്റിന്റെയും എൽസ്റ്റോൺ എസ്റ്റേറ്റിന്റെയും ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇതിലെ നിയമപരിഹാരം കണ്ടെത്തുന്ന കാര്യത്തിലും പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. അതേസമയം ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയാറാക്കിയ പട്ടികയെ ചൊല്ലി വിവാദം ഉയരുന്നതിനിടെ പ്രതികരണവുമായി റവന്യൂ മന്ത്രി കെ. രാജൻ രംഗത്തെത്തിയിട്ടുണ്ട്.
നിലവിൽ പുറത്തിറക്കിയത് കരടു പട്ടിക മാത്രമാണെന്ന് മന്ത്രി പറയുന്നു.15 ദിവസത്തിനകം ആക്ഷേപങ്ങൾ അറിയിക്കാമെന്നും കരടിൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പൂർണമായി കേൾക്കും. ദുരന്തത്തിൽപ്പെട്ട ഒരാളെ പോലും ഒഴിവാക്കില്ലെന്നും മന്ത്രി വിശദീകരിച്ചു.