പൂക്കച്ചവടക്കാരന് കുത്തേറ്റു
തിരുവനന്തപുരം: മുല്ലപ്പൂവ് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് പൂക്കച്ചവടക്കാരന് കുത്തേറ്റു. തിരുവനന്തപുരം നെടുമങ്ങാട് ആണ് സംഭവം. കച്ചേരി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന രാജന്റെ ഉടമസ്ഥതയിലുള്ള സ്‌നേഹ ഫ്ളവര്‍ മാര്‍ട്ടിലാണ് ആക്രമണം നടന്നത്.
തെങ്കാശി സ്വദേശി അനീഷ്‌കുമാറാണ് ആക്രമണത്തിനിരയായത്. ഇയാളുടെ നെഞ്ചിലാണ് കുത്തേറ്റത്. പൂക്കട ജീവനക്കാരനായ കട്ടപ്പ എന്ന കുമാര്‍ പൂവിറ്റ പണം വാങ്ങാനെത്തിയപ്പോഴാണ് ആക്രമണം നടത്തിയത്.
തര്‍ക്കത്തിനിടെ പൂവെട്ടുന്ന കത്രിക ഉപയോഗിച്ച് കട്ടപ്പ അനീഷിനെ കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.
സംഭവത്തില്‍ കടയുടമ രാജനെയും ആക്രമണം നടത്തിയ കട്ടപ്പയെയും നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യപിച്ച് ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്നു പൊലീസ് പറഞ്ഞു.
ആക്രമണത്തിന് പിന്നാലെ ഒളിവില്‍ പോയ കട്ടപ്പയെ മാര്‍ക്കറ്റില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്
ബെംഗളൂരു: ധര്‍മസ്ഥല തിരോധാന കേസില്‍ ലോറി ഉടമ മനാഫിന് നോട്ടീസ് നൽകി എസ് ഐ ടി. ഇന്ന് രാവിലെ 10 മണിക്ക് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം.
കയ്യിലുള്ള തെളിവുകളും ഡിജിറ്റല്‍ രേഖകളും ഹാജരാക്കാനും പൊലീസ് നിര്‍ദ്ദേശം നൽകി. ഹാജരായില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഇന്ന് ഹാജരാകാൻ സാധിക്കില്ലെന്നും തിങ്കളാഴ്ച ഹാജരാവുമെന്നും മനാഫ് അന്വേഷണസംഘത്തെ അറിയിച്ചു.
വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖ ഉപയോഗിക്കല്‍ തുടങ്ങിയ നിരവധി കുറ്റങ്ങളാണ് കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏഴുവര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ തടവു കിട്ടാവുന്ന കുറ്റങ്ങളാണ് കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാൽ കേസില്‍ മനാഫിനെ പ്രതിയാക്കിയിട്ടില്ലെന്നാണ് സൂചന.
ധര്‍മസ്ഥലയിലെ കൂട്ടക്കൊല ആരോപണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ മനാഫ് യൂട്യൂബിൽ പങ്കുവെച്ചിരുന്നു.
എന്നാൽ വെളിപ്പെടുത്തലുകള്‍ വ്യാജമാണെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഇയാള്‍ ഒളിവില്‍പ്പോയെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും മനാഫ് തന്നെ അത് തള്ളിയിരുന്നു.
കേരളത്തിലെ ആള്‍ക്കാരെ വിഷയം അറിയിച്ചു. ഇതാണ് താന്‍ ചെയ്ത തെറ്റ് എന്നായിരുന്നു മനാഫ് പ്രതികരിച്ചത്.
Summary: A flower vendor was stabbed following a dispute over selling jasmine flowers in Nedumangad, Thiruvananthapuram. The attack took place at Sneha Flower Mart owned by Rajan near Kacheri Junction.