കെ ഫോൺ ലക്ഷ്യത്തിലെത്തിയില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് അധികൃതർ. നിശ്ചിത ബാൻഡ് വിഡ്ത്തിൽ സേവനദാതാവിൽനിന്ന് നേരിട്ട് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് ഒട്ടേറെ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ 34 കണക്ഷനുകളും നൽകിക്കഴിഞ്ഞു. കെഫോൺ വഴിയുള്ള ഇന്റർനെറ്റിനു താരതമ്യേന പണം കുറവായതിനാൽ ആവശ്യക്കാർ ഒരുപാടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഫൈബർ ശൃംഖലയിൽ സ്വന്തം ആവശ്യം കഴിഞ്ഞ് 4300 കിലോമീറ്റർ കേബിൾ പാട്ടത്തിന് നൽകിയതിലൂടെ നിലവിൽ അഞ്ചു കോടിയുടെ വരുമാനമുണ്ട്. ഇത് ൧൦൦൦൦ കിലോമീറ്ററിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. അപ്പോൾ ഇനിയും വരുമാനം കൂടും.
സംസ്ഥാനത്തെ 30,438 സർക്കാർ ഓഫീസുകളിലേക്ക് ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകാൻ കെ ഫോൺ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഇതിൽ 28,634 ഓഫീസുകളുമായി ബന്ധിപ്പിക്കുകയും 21,214 ഓഫീസുകളിൽ പ്രവർത്തനക്ഷമമാവുകയും ചെയ്തു. കമ്പനി പ്രതിവർഷം 150 കോടി ലാഭം നേടാനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്ന് അധികൃതർ പറയുന്നു. സ്വകാര്യ ടെലികമ്മ്യൂണിക്കേഷൻ സർക്യൂട്ടുകൾവഴി 100 കോടി രൂപയുടെ വാർഷിക വരുമാനം ലഭിക്കും.
6000 വാണിജ്യ കണക്ഷനുകൾ നൽകിയിട്ടുണ്ട്. 5000 കണക്ഷനുകൾകൂടി നൽകുന്ന നടപടികൾ പുരോഗമിക്കുകയാണെന്നുംഅധികൃതർ പറയുന്നു.