പ്രവർത്തകർ എത്തിയില്ല; ആളെണ്ണം തികയാതെ വന്നതോടെ മാർച്ച് ഉപേക്ഷിച്ചു! രണ്ടര മണിക്കൂർ റോഡ് തടഞ്ഞ പോലീസ് ഒടുവിൽ ബാരിക്കേഡുകൾ നീക്കി
കോട്ടയം: പ്രവർത്തകരുടെ അഭാവത്തെ തുടർന്ന് കോട്ടയത്ത് എസ്.എഫ്.ഐ പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് മാറ്റിവെച്ചു. ഇന്ന് രാവിലെ 11 മണിക്ക് എസ്.പി ഓഫീസിലേക്ക് നടത്താനിരുന്ന മാർച്ചാണ് അവസാന നിമിഷം മാറ്റിയത്.
പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് എസ്.പി ഓഫീസിന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കിയിരുന്നു. പ്രതിഷേധക്കാരെ കാത്ത് രണ്ടര മണിക്കൂറിലേറെയാണ് റോഡ് നിയന്ത്രണം ഏർപ്പെടുത്തിയത്.
എന്നാൽ പ്രവർത്തകർ എത്താതിരുന്നതിനാൽ പിന്നീട് പൊലീസ് ബാരിക്കേഡുകൾ നീക്കം ചെയ്തു. ഉച്ചയ്ക്കുശേഷം മാർച്ച് നടത്താൻ സാധ്യതയുണ്ടെന്നാണ് വിവരം.
സംസ്ഥാനവ്യാപക പ്രതിഷേധ ആഹ്വാനം
കേരള സർവകലാശാല യൂണിയൻ, സെനറ്റ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്.എഫ്.ഐ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ ഉണ്ടായ സംഘർഷവും പൊലീസ് നടപടി ഏകപക്ഷീയമാണെന്ന ആരോപണവുമാണ് പ്രതിഷേധത്തിന് കാരണം.
കെ.എസ്.യു നടത്തിയ ആക്രമണത്തിൽ പൊലീസ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയും കേസ് എടുത്തതിൽ പ്രതിഷേധിച്ചാണ് സംസ്ഥാനവ്യാപകമായി മാർച്ച് നടത്താൻ എസ്.എഫ്.ഐ തീരുമാനിച്ചിരുന്നത്.
പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് 10 എസ്.എഫ്.ഐ ഭാരവാഹികൾക്കെതിരെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ചതും 30,000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചതുമാണ് എഫ്.ഐ.ആറിലുള്ള പ്രധാന ആരോപണങ്ങൾ.
അതേസമയം സംഘർഷവുമായി ബന്ധപ്പെട്ട് കെ.എസ്.യു പ്രവർത്തകർക്കെതിരെയും കേസെടുക്കാനിടയുണ്ടെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
English Summary
An SFI protest march planned in Kottayam was postponed due to poor participation. The protest was called against police action following clashes between SFI and KSU activists after Kerala University election celebrations.









