മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ ശ്രമിച്ച സഹോദരനും ഷോക്കേറ്റു
കൊച്ചി: പെരുമ്പാവൂർ താന്നിപ്പുഴയിൽ വൈദ്യുതാഘാതമേറ്റ് 39കാരൻ മരിച്ചു. ശിവരാത്രി കടവിന് സമീപത്തെ പെലപ്പിള്ളി വീട്ടിൽ നിഖിൽ സുന്ദരനാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്.
മുറ്റത്ത് തുണി ഉണക്കുന്നതിനായി കെട്ടിയിരുന്ന ഇരുമ്പ് കമ്പിയിലേക്ക് വൈദ്യുതി സർവീസ് വയർ പൊട്ടിവീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
വൈദ്യുതി പടർന്ന അഴയിൽ പിടിച്ച നിലയിലാണ് നിഖിൽ വീണുകിടന്നത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
നിഖിലിനെ രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ രാജനും ഷോക്കേറ്റു. അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നൽകി.
നിഖിലിന്റെ മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഒക്കൽ എസ്.എൻ.ഡി.പി ശാന്തി നിലയത്തിൽ നടക്കും.
ഭാര്യ: അഷിത.
English Summary
A 39-year-old man died of electrocution in Perumbavoor after a live electric service wire reportedly fell onto a metal clothesline in his yard. His brother also suffered an electric shock while trying to rescue him.









