ലോണെടുത്ത ഫോണിന്റെ തുക കൃത്യമായി അടച്ചില്ലെങ്കിൽ പണി പാളും! സ്മാർട്ട്‌ഫോണുകൾ പൂട്ടാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകി റിസർവ് ബാങ്ക്
ന്യൂഡൽഹി: വായ്പയെടുത്ത് വാങ്ങിയ മൊബൈൽ ഫോൺ, ടാബ്‌ലെറ്റ് തുടങ്ങിയ ഉപകരണങ്ങളുടെ തിരിച്ചടവ് മുടങ്ങിയാൽ അവ ഭാഗികമായി ‘ലോക്ക്’ ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്ന പുതിയ കരട് ചട്ടം Reserve Bank of India റിസർവ് ബാങ്ക് പുറത്തിറക്കി.
ഉപഭോക്തൃ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് അന്തിമ ചട്ടം രൂപപ്പെടുത്തുക. നിലവിൽ ചില ധനകാര്യ സ്ഥാപനങ്ങൾ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും വ്യക്തമായ നിയമരൂപം ഇല്ലാത്തതിനാൽ ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നിരുന്നു.
കർശന നിബന്ധനകളോടെ മാത്രം നടപടി
കരട് ചട്ടപ്രകാരം വായ്പ കുടിശികയായി 90 ദിവസം പിന്നിട്ടാൽ മാത്രമേ ഉപകരണം ലോക്ക് ചെയ്യാൻ കഴിയൂ. മൊബൈൽ ഫോൺ വായ്പകളിൽ 60 ദിവസം കഴിഞ്ഞാൽ ആദ്യം ഉപഭോക്താവിന് നോട്ടീസ് നൽകണം.
തുടർന്ന് തിരിച്ചടവിനായി 21 ദിവസത്തെ സമയം അനുവദിക്കണം. അതിന് ശേഷവും തുക അടച്ചില്ലെങ്കിൽ ഏഴ് ദിവസത്തെ രണ്ടാമത്തെ നോട്ടീസ് നൽകേണ്ടതുണ്ട്. ഉപഭോക്താവിന്റെ മുൻകൂർ സമ്മതം കരാറിൽ രേഖപ്പെടുത്തിയിരിക്കണമെന്നും ചട്ടത്തിൽ പറയുന്നു.
പ്രധാന സേവനങ്ങൾ തുടരും
ഫോൺ ഭാഗികമായി ലോക്ക് ചെയ്താലും ചില അടിസ്ഥാന സേവനങ്ങൾ പ്രവർത്തനക്ഷമമായിരിക്കണം. ഇൻകമിംഗ് കോളുകൾ, ഇന്റർനെറ്റ് സേവനം, അടിയന്തര എസ്.ഒ.എസ് സംവിധാനം, സർക്കാർ ജാഗ്രതാ സന്ദേശങ്ങൾ എന്നിവ തടയാൻ പാടില്ലെന്നാണ് നിർദേശം.
ഉപഭോക്തൃ സംരക്ഷണ വ്യവസ്ഥകളും
വായ്പ പൂർണ്ണമായി തിരിച്ചടച്ചാൽ ഒരു മണിക്കൂറിനുള്ളിൽ ലോക്ക് നീക്കണം. അതിൽ വീഴ്ച വരുത്തിയാൽ ഓരോ മണിക്കൂറിനും 250 രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും കരടിൽ വ്യക്തമാക്കുന്നു.
ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കരുതെന്നും വായ്പ തീർന്നാൽ ഫോൺ ലോക്കിംഗിന് ഉപയോഗിച്ചിരിക്കുന്ന ആപ്ലിക്കേഷനുകൾ നീക്കം ചെയ്യണമെന്നും നിർദേശമുണ്ട്.
English Summary
The Reserve Bank of India has proposed draft rules allowing financial institutions to partially lock mobile phones and tablets purchased on loan if repayments are delayed. The proposal includes strict conditions, mandatory notices, and consumer protection measures.









