അഭിപ്രായവ്യത്യാസങ്ങൾക്കൊടുവിൽ വകുപ്പ് വിഭജനം പൂർത്തിയായി; മന്ത്രിമാരും പ്രധാന വകുപ്പുകളും ഒറ്റനോട്ടത്തിൽ
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം അന്തിമമായി. മന്ത്രിമാരുടെയും വകുപ്പുകളുടെയും പട്ടിക ഗവർണർക്ക് കൈമാറി. സർക്കാർ അധികാരമേറ്റ് മൂന്നാം ദിവസമാണ് വകുപ്പ് വിഭജനം പൂർത്തിയായത്. വകുപ്പുകൾ സംബന്ധിച്ച ചർച്ചകളും അഭിപ്രായ വ്യത്യാസങ്ങളും നിലനിന്നതിനാലാണ് വിജ്ഞാപനം വൈകിയത്.
മുഖ്യമന്ത്രി വി.ഡി. സതീശൻ ധനം, പൊതുഭരണം, നിയമം, തുറമുഖം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം, വിജിലൻസ്, കയർ വകുപ്പുകളും കെ. മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകളും ലഭിച്ചു.
സണ്ണി ജോസഫ് വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യം വകുപ്പുകളും എ.പി. അനിൽ കുമാർ റവന്യൂ വകുപ്പും കൈകാര്യം ചെയ്യും. ബിന്ദു കൃഷ്ണയ്ക്ക് വനിത-ശിശുക്ഷേമം, തൊഴിൽ, ക്ഷീര വികസനം വകുപ്പുകളാണ് നൽകിയിരിക്കുന്നത്.
എം. ലിജു എക്സൈസ്, സഹകരണം വകുപ്പുകളും പി.സി. വിഷ്ണുനാഥ് ടൂറിസം, സാംസ്കാരികം, സിനിമ വകുപ്പ് ഉൾപ്പെടെയുള്ള ചുമതലകളും വഹിക്കും. റോജി എം. ജോൺ ഉന്നത വിദ്യാഭ്യാസ വകുപ്പും ടി. സിദ്ദിഖ് കൃഷി വകുപ്പും കൈകാര്യം ചെയ്യും.
കെ.എ. തുളസിക്ക് പട്ടിക വിഭാഗം-പിന്നോക്ക ക്ഷേമ വകുപ്പുകളും ഒ.ജെ. ജനീഷിന് യുവജന ക്ഷേമം, സ്പോർട്സ്, രജിസ്ട്രേഷൻ, മൃഗശാല, മ്യൂസിയം വകുപ്പുകളും ലഭിച്ചു.
മുസ്ലിം ലീഗ് മന്ത്രിമാരിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം, ഐ.ടി, കൃത്രിമ ബുദ്ധി, കൈത്തറി വകുപ്പുകളും കെ.എം. ഷാജിക്ക് തദ്ദേശ സ്വയംഭരണ വകുപ്പും നൽകി. വി.ഇ. അബ്ദുൾ ഗഫൂർ ഫിഷറീസ്, സാമൂഹ്യനീതി വകുപ്പുകളും പി.കെ. ബഷീർ പൊതുമരാമത്ത് വകുപ്പും കൈകാര്യം ചെയ്യും. എൻ. ഷംസുദ്ദീന് വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്ജ് വകുപ്പുകളാണ് ലഭിച്ചത്.
ഘടകകക്ഷികളിൽ ഷിബു ബേബി ജോൺ വനം, നൈപുണ്യ വികസനം വകുപ്പുകളും മോൻസ് ജോസഫ് ജലവിഭവം, ശുചിത്വ ഭവന നിർമ്മാണം വകുപ്പുകളും കൈകാര്യം ചെയ്യും. അനൂപ് ജേക്കബ് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പും സി.പി. ജോൺ ഗതാഗത വകുപ്പും കൈകാര്യം ചെയ്യും.
അതേസമയം, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കെ. അനിൽ കുമാറിനെ നിയമിച്ചു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വി.ഡി. സതീശന്റെ പ്രൈവറ്റ് സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
English Summary
The UDF government in Kerala has finalized the allocation of ministerial portfolios, three days after assuming office. Chief Minister V.D. Satheesan retained Finance and General Administration, while key departments were distributed among coalition ministers.








