ഇനി അധ്യാപകർ പാമ്പുപിടിക്കണോ? സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം; അധ്യാപകർക്ക് പുതിയ ‘മാസ്സ്’ ചുമതലകൾ!
കൊച്ചി: പുതിയ അദ്ധ്യയന വർഷം ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെ സർക്കാർ സ്കൂളുകളിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കി. സ്കൂൾ പരിസരങ്ങളിലെ പാമ്പ് മാളങ്ങൾ അടയ്ക്കൽ, ക്ലാസ് മുറികളിലെ വൈദ്യുതി സംവിധാനങ്ങൾ പരിശോധിക്കൽ, തെരുവ് നായ് ശല്യം നിയന്ത്രിക്കൽ തുടങ്ങിയ ചുമതലകളാണ് അദ്ധ്യാപകർക്ക് നൽകിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ചില സ്കൂളുകളിൽ ക്ലാസ് മുറിക്കുള്ളിൽ കുട്ടികൾക്ക് പാമ്പുകടിയേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തവണ സുരക്ഷാ നടപടികൾ കർശനമാക്കിയത്. കുട്ടികൾ സ്കൂളിലെത്തും മുമ്പ് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം.
വേനലവധിക്കാലത്ത് പല സ്കൂളുകളിലും തെരുവ് നായ്ക്കളുടെ സാന്നിധ്യം വർധിച്ചതായും അധികൃതർ പറയുന്നു. ഇവയെ സ്കൂൾ പരിസരങ്ങളിൽ നിന്ന് തുരത്താനുള്ള ഉത്തരവാദിത്വവും അദ്ധ്യാപകർക്കാണ് നൽകിയിരിക്കുന്നത്.
മൂന്നോ നാലോ അദ്ധ്യാപകർ അടങ്ങുന്ന സംഘങ്ങളായി തിരിഞ്ഞാണ് പരിശോധനയും ശുചീകരണ പ്രവർത്തനങ്ങളും നടക്കുന്നത്. സ്കൂൾ തുറന്ന ശേഷവും എല്ലാ ദിവസവും ക്ലാസ് മുറികൾ പരിശോധിക്കണമെന്ന നിർദ്ദേശവും വകുപ്പിൽ നിന്ന് നൽകിയിട്ടുണ്ട്.
English Summary
With only two weeks left for the new academic year, teachers in Kerala government schools have been assigned safety-related duties including closing snake burrows, checking electrical switchboards, and driving away stray dogs from school premises.









