നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും സ്ത്രീധന പീഡനമെന്നും കുടുംബം
ഭോപ്പാൽ: അഞ്ചുമാസം മുൻപ് വിവാഹിതയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നോയിഡ സ്വദേശിനിയായ ട്വിഷ ശർമ (33) ആണ് മരിച്ചത്. ഭർത്താവ് അഭിഭാഷകനായ സമർഥ് സിങ്ങിന്റെ ഭോപ്പാലിലെ വീട്ടിലായിരുന്നു സംഭവം.
ട്വിഷയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തി. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും ട്വിഷയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. വിവാഹത്തിന് പിന്നാലെ ട്വിഷയുടെ പിതാവ് നൽകിയ ഓഹരികളും ഉൾപ്പെടുന്ന 20 ലക്ഷം രൂപയുടെ നിക്ഷേപം കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും കുടുംബം പറയുന്നു.
റിട്ടയേർഡ് ജഡ്ജിയായ ഭർതൃമാതാവ് ഗിരിബാല സിങ് ട്വിഷയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. ട്വിഷ ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചതായും ഇത് യുവതിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയതായും കുടുംബം വെളിപ്പെടുത്തി.
മരണത്തിന് മണിക്കൂറുകൾ മുൻപ് ട്വിഷ അമ്മയെ ഫോണിൽ വിളിച്ച് ഭർതൃവീട്ടിലെ പീഡനങ്ങളെക്കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കളുടെ വെളിപ്പെടുത്തൽ. സംസാരത്തിനിടെ ഭർത്താവ് മുറിയിലേക്കെത്തിയതോടെ ഫോൺ സംഭാഷണം അവസാനിപ്പിക്കേണ്ടിവന്നതായും പിന്നീട് ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും അവർ പറഞ്ഞു. പിന്നീട് ട്വിഷ ജീവനൊടുക്കിയെന്ന വിവരമാണ് ഭർതൃവീട്ടിൽ നിന്ന് ലഭിച്ചത്.
മകളെ തൂങ്ങിയ നിലയിൽ കണ്ടെത്തിയിട്ടും ഉടൻ ആശുപത്രിയിലെത്തിക്കാൻ ഭർത്താവോ കുടുംബാംഗങ്ങളോ തയ്യാറായില്ലെന്നും ട്വിഷയുടെ കുടുംബം ആരോപിച്ചു.
പോസ്റ്റ്‌മോർട്ടത്തിൽ മരണം തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. ശരീരത്തിൽ നിരവധി മുറിവുകളും ഒരാഴ്ച മുൻപ് ഗർഭഛിദ്രം നടന്നതിന്റെ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചതായും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചതായും പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ ഭർത്താവ് സമർഥ് സിങ്ങിനും ഭർതൃമാതാവ് ഗിരിബാല സിങ്ങിനുമെതിരെ ആത്മഹത്യാപ്രേരണയും സ്ത്രീധനപീഡനവും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം തുടരുകയാണ്.
English Summary
A 33-year-old newlywed woman, Twisha Sharma from Noida, was found hanging at her husband’s house in Bhopal, five months after her marriage.









