അസ്ഥികൂടം കണ്ടപ്പോൾ ബാങ്കിന് നിയമം മാറി; ‘തെറ്റിദ്ധാരണ’ ആണെന്ന് പറഞ്ഞ് കൈകഴുകി അധികൃതർ!
ഭുവനേശ്വർ: മരിച്ച സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന പണം ലഭിക്കാനായി അസ്ഥികൂടവുമായി ബാങ്കിലെത്തിയ ഒഡീഷ സ്വദേശിയുടെ സംഭവം വലിയ ചർച്ചയായതിനു പിന്നാലെ ബാങ്ക് അധികൃതർ വിശദീകരണവുമായി രംഗത്തെത്തി. അക്കൗണ്ട് ഉടമ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടിട്ടില്ലെന്നും, പണം പിൻവലിക്കാൻ ആവശ്യമായ രേഖകൾ സമർപ്പിക്കണമെന്നതാണ് ജീവനക്കാർ പറഞ്ഞതെന്നും അധികൃതർ വ്യക്തമാക്കി.
ജിതു മുണ്ട (50) എന്ന വ്യക്തിക്ക് ബാങ്ക് നടപടിക്രമങ്ങളെക്കുറിച്ചുള്ള വ്യക്തമായ അറിവില്ലായ്മയാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്നും ബാങ്ക് വാദിക്കുന്നു. മരിച്ച സഹോദരി കൽറ മുണ്ടയുടെ അക്കൗണ്ടിലുണ്ടായിരുന്ന 19,300 രൂപ പിൻവലിക്കാനാണ് ജിതു മുണ്ട ശ്രമിച്ചത്. എന്നാൽ ‘അക്കൗണ്ട് ഉടമ നേരിട്ട് വരണം’ എന്നായിരുന്നു ബാങ്ക് ജീവനക്കാർ പറഞ്ഞതെന്ന് ജിതു മുണ്ട ആരോപിക്കുന്നു.
സഹോദരിക്ക് പെൻഷൻ അടക്കമുള്ള തുകയായി ലഭിച്ച ഈ പണം കുടുംബത്തിന്റെ ദാരിദ്ര്യത്തിൽ നിന്ന് താത്കാലിക ആശ്വാസമാകുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. ഇതോടെ സഹോദരിയുടെ അസ്ഥികൾ തുണിയിൽ പൊതിഞ്ഞ് ഏകദേശം മൂന്ന് കിലോമീറ്റർ ചുമന്നാണ് ജിതു ബാങ്കിലെത്തിയത്. സംഭവം കണ്ട് ബാങ്ക് ജീവനക്കാരും മറ്റ് ഉപഭോക്താക്കളും ഞെട്ടിപ്പോയി.
തുടർന്ന് പൊലീസ് സ്ഥലത്തെത്തി ജിതുവിനെ സമാധാനിപ്പിച്ചു. സംഭവം അന്തർദേശീയ ശ്രദ്ധ നേടിയതോടെ ഒഡീഷ റവന്യൂ മന്ത്രി സുരേഷ് പൂജാരി ഇടപെട്ടു. ബാങ്ക് ജീവനക്കാരുടെ സമീപനത്തെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. ഒടുവിൽ ജിതു മുണ്ടയ്ക്ക് പണം നൽകാൻ ബാങ്ക് സമ്മതിച്ചതായാണ് വിവരം. തുടർന്ന് കൽറ മുണ്ടയുടെ അസ്ഥികൾ വീണ്ടും സംസ്കരിച്ചു.
English Summary
A man in Odisha carried his deceased sister’s skeletal remains to a bank after allegedly being told the account holder must be present to withdraw money.









