മുന്നണികൾക്കുള്ളിൽ കലഹം കത്തുന്നു! എൽ.ഡി.എഫിൽ വിമതർ, കോൺഗ്രസ് പട്ടിക കുടുങ്ങി, ബി.ജെ.പിയിൽ പൊട്ടിത്തെറി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ താപനില ഉയരുമ്പോൾ, എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ ഡി എ എന്നീ മൂന്ന് മുന്നണികളിലും കലഹം മൂർച്ഛിക്കുന്നു. സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനത്തിന്റെ അവസാനഘട്ടത്തിലേക്ക് കടന്നിട്ടും അനിശ്ചിതത്വം മാറാത്ത അവസ്ഥയാണ്.
ഇന്നലെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക മാരത്തോൺ ചർച്ചകളിൽ കുടുങ്ങി. രാത്രി വൈകിയും തീരുമാനമാകാതെ നീണ്ടത് നേതൃത്വത്തിന്റെ പ്രതിസന്ധി കൂടുതൽ വെളിവാക്കി. നാമനിർദ്ദേശത്തിന് ഇനി അഞ്ചുദിവസം മാത്രം ശേഷിക്കെ, കോൺഗ്രസ് ക്യാമ്പിൽ സമ്മർദ്ദം കുത്തനെ ഉയർന്നിരിക്കുകയാണ്.
കെ. സുധാകരനും അടൂർ പ്രകാശും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനാകാത്തത് കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാഴ്ത്തുന്നു. ഈ വിഷയത്തിൽ വ്യക്തത വരാതെ പട്ടിക പുറത്തിറക്കിയാൽ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയിലാണ് നേതൃത്വം.
എൽ.ഡി.എഫിൽ സി.പി.എം നേരിടുന്ന വിമതപ്രശ്നം ചെറുതല്ല. പല മണ്ഡലങ്ങളിലും അസംതൃപ്തി ശക്തമായി ഉയരുമ്പോൾ, വിമതരെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന ആശങ്കയിലാണ് നേതൃത്വം. അതിനെ മറികടക്കാൻ വിവിധ തന്ത്രങ്ങൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് മുന്നണി.
യു.ഡി.എഫിൽ ഇതോടൊപ്പം തന്നെ പ്രതിഷേധങ്ങളും പരസ്യ കലാപങ്ങളും ശക്തമാണ്. കുട്ടനാട് സീറ്റിനെ ചുറ്റിപ്പറ്റിയ വിവാദത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റ് സജി ജോസഫ് തുറന്ന പ്രതിഷേധവുമായി രംഗത്തെത്തിയത് പാർട്ടിക്കുള്ളിലെ അസംതൃപ്തിയുടെ തെളിവായി.
ബി.ജെ.പിയിലും സ്ഥിതി വ്യത്യസ്തമല്ല. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ മുതിർന്ന നേതാക്കളെ ഒഴിവാക്കിയതാണ് വലിയ വിവാദത്തിന് വഴിവച്ചത്. കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻപിള്ള, എം.ടി. രമേശ് തുടങ്ങിയവർ പട്ടികയിൽ ഇല്ലാതിരുന്നതിൽ പാർട്ടിക്കുള്ളിൽ അസ്വസ്ഥത ഉയരുന്നു. സീറ്റ് വിഭജനത്തിലും ആർ.എസ്.എസ് ഉൾപ്പെടെയുള്ള ഘടകങ്ങളിൽ അസംതൃപ്തി പ്രകടമാണ്.
തിരഞ്ഞെടുപ്പ് തീയതി അടുത്തെത്തുന്നതിനാൽ മുന്നണികൾക്ക് സമയം കുറഞ്ഞിരിക്കുകയാണ്. എന്നാൽ കലഹങ്ങളും ഭിന്നതകളും തുടരുന്ന സാഹചര്യത്തിൽ അവസാന നിമിഷം വരെ അനിശ്ചിതത്വം നീളാനാണ് സാധ്യത.
English Summary
As elections approach, internal conflicts are intensifying within all three major political fronts in Kerala. The Congress is struggling to finalize its second phase candidate list amid prolonged discussions and leadership disagreements. The LDF is facing rebel challenges within CPM ranks, while the BJP is witnessing unusual internal dissent over candidate selection and seat allocation. With only days left for nominations, uncertainty continues across all fronts.









