കൊച്ചി: ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്കും പീഡനങ്ങൾക്കും ഇരയായ സ്ത്രീകളും കുട്ടികളും അർഹമായ കൈത്താങ്ങിനായി കാത്തുനിൽക്കുമ്പോൾ,
ഫണ്ടില്ലെന്ന മുടന്തൻ ന്യായവുമായി ഒഴിഞ്ഞുമാറുന്ന സർക്കാരിന് ഹൈക്കോടതിയുടെ വക കടുത്ത പ്രഹരം.
വിക്ടിം കോമ്പൻസേഷൻ സ്‌കീം (Victim Compensation Scheme) പ്രകാരം വിവിധ കോടതികൾ വിധിച്ച കോടിക്കണക്കിന് രൂപയുടെ ആശ്വാസധനം ഉടൻ വിതരണം ചെയ്തില്ലെങ്കിൽ,
സർക്കാരിന്റെ ഔദ്യോഗിക ട്രഷറി അക്കൗണ്ടിൽ നിന്ന് പണം നേരിട്ട് ഈടാക്കാൻ ഉത്തരവിടുമെന്ന് ഹൈക്കോടതി അന്ത്യശാസനം നൽകി.
ധനകാര്യ സെക്രട്ടറി നേരിട്ട് ഹാജരാകണം: ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ ഡിവിഷൻ ബെഞ്ച്
വിക്ടിം കോമ്പൻസേഷൻ തുക വിതരണം ചെയ്യാത്തതിൽ കൃത്യമായ വിശദീകരണം നൽകാൻ സംസ്ഥാന ധനകാര്യ സെക്രട്ടറി നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ,
ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
നേരത്തെ ആഭ്യന്തര സെക്രട്ടറിയെ വിളിപ്പിച്ചപ്പോൾ, പണം അനുവദിക്കേണ്ടത് ധനകാര്യ വകുപ്പാണെന്ന ഒഴുക്കൻ മറുപടിയാണ് ലഭിച്ചത്.
ഇരകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വകുപ്പുകൾ തമ്മിലുള്ള തർക്കം അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
പട്ടിണിയിലായി ഹോസ്റ്റൽ വിദ്യാർത്ഥികൾ; പാചകവാതക ക്ഷാമം രൂക്ഷം,ക്ലാസുകൾ ഓൺലൈനിലേക്ക്!
‘ഫണ്ടില്ലെന്ന ന്യായം ഇവിടെ ചെലവാകില്ല’: ഇരകളോടുള്ള സർക്കാരിന്റെ ബാധ്യത ഓർമ്മിപ്പിച്ച് കോടതി
പിഴത്തുകയായോ സംഭാവനയായോ പണം ലഭിക്കാത്തതാണ് ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് തടസ്സമെന്ന സർക്കാരിന്റെ വിശദീകരണത്തെ കോടതി കർശനമായി തള്ളി.
“ഇരകൾക്ക് നഷ്ടപരിഹാരം നൽകുക എന്നത് സർക്കാരിന്റെ പ്രാഥമികവും നിയമപരവുമായ ഉത്തരവാദിത്തമാണ്.
പണം അനുവദിച്ചിട്ട് മതി സർക്കാരിന്റെ ബാക്കി വാദങ്ങൾ,” എന്ന് ഡിവിഷൻ ബെഞ്ച് ഓർമ്മിപ്പിച്ചു.
കെൽസ (KELSA) യോഗങ്ങളിൽ ധനകാര്യ സെക്രട്ടറി പങ്കെടുക്കാതെ കീഴ്ജീവനക്കാരെ അയക്കുന്നതിനെയും കോടതി നിശിതമായി വിമർശിച്ചു.
2022 മുതൽ കെട്ടിക്കിടക്കുന്നത് 47 കോടി രൂപ; ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ നിർണ്ണായക നീക്കം
സംസ്ഥാനത്ത് വിക്ടിം കോമ്പൻസേഷൻ ഇനത്തിൽ 2022 മുതൽ ഏകദേശം 47 കോടി രൂപയും മീഡിയേറ്റർമാരുടെ ഫീസ് ഇനത്തിൽ 10 കോടിയോളം രൂപയുമാണ് വിതരണം ചെയ്യാനുള്ളത്.
പണം ലഭിക്കാതെ വന്നതോടെയാണ് ഹൈക്കോടതി വിഷയത്തിൽ സ്വമേധയാ ഇടപെട്ടത്.
ആശ്വാസധനം മുടങ്ങുന്നത് ഇരകളുടെ അതിജീവനത്തെ ബാധിക്കുന്നുവെന്ന തിരിച്ചറിവിലാണ് കോടതിയുടെ ഈ കടുത്ത ഇടപെടൽ. കേസ് ഈ മാസം 23-ന് വീണ്ടും പരിഗണിക്കും.
English Summary
The Kerala High Court has threatened to attach the state government’s treasury accounts if it fails to disburse pending compensation to victims of sexual assault and other crimes. A Division Bench led by Chief Justice Soumen Sen summoned the Finance Secretary to appear in person on March 23rd, after the Home Department shifted the blame for fund shortages onto the Finance Ministry.









