പല്ല് നശിപ്പിച്ച് എല്ലുകൾ വിരൂപമാക്കുന്ന രോഗം; ഫ്ലൂറോസിസ് ഭീഷണിയിൽ കേരളത്തിലെ ഈ ജില്ല, ഇടപെടൽ ഇല്ല; വില്ലൻ കുടിവെള്ളം
ആലപ്പുഴ: ജില്ലയിലെ ഭൂഗർഭജലം ആശ്രയിക്കുന്ന പ്രദേശങ്ങളിൽ ഫ്ലൂറോസിസ് രോഗം വ്യാപകമാകുന്നുണ്ടെങ്കിലും പ്രശ്നപരിഹാരത്തിനായി കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് പരാതി.
ഭൂഗർഭജലത്തിന് പകരമായി നദികളിൽ നിന്നുള്ള ഉപരിതല ജലം എല്ലാ മേഖലകളിലും എത്തിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം, ഭൂഗർഭജലത്തിലെ അമിത ഫ്ലൂറൈഡ് നീക്കം ചെയ്ത് സുരക്ഷിതമായി വിതരണം ചെയ്യാനുള്ള സംവിധാനവും പല ഇടങ്ങളിലും നിലവിലില്ല.
1999-ൽ വണ്ടാനം മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ മുൻ അസോസിയേറ്റ് പ്രൊഫസർ ഡോ. പി. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലൂടെയാണ് ആലപ്പുഴയിലെ കുടിവെള്ളത്തിൽ ഫ്ലൂറോസിസിന്റെ വ്യാപ്തി വ്യക്തമായത്.
അമ്പലപ്പുഴ താലൂക്കിലെ 1,142 വിദ്യാർഥികളെ ഉൾപ്പെടുത്തി നടത്തിയ പഠനം ‘നാഷണൽ മെഡിക്കൽ ജേണലിൽ’ പ്രസിദ്ധീകരിച്ചിരുന്നു.
പഠനത്തിൽ 10 മുതൽ 15 വയസ്സുവരെയുള്ള കുട്ടികളിൽ 37 ശതമാനത്തിനും ഡെന്റൽ ഫ്ലൂറോസിസ് കണ്ടെത്തിയിരുന്നു. കുടിവെള്ളത്തിലെ അമിത ഫ്ലൂറൈഡ് ആണ് ഇതിന് കാരണമെന്നതും വ്യക്തമായി.
തുടർന്ന് 2008-ൽ സംസ്ഥാനതലത്തിൽ നടത്തിയ പഠനത്തിലും ഇതേ കണ്ടെത്തലുകൾ സ്ഥിരീകരിച്ചു. ആലപ്പുഴയും പാലക്കാടുമാണ് ഫ്ലൂറോസിസ് കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഈ ജില്ലകളിലെ ഭൂഗർഭജലം ഉപയോഗിക്കുന്നതാണ് പ്രധാന കാരണമെന്നുമാണ് പഠനങ്ങൾ സൂചിപ്പിച്ചത്.
ഈ പശ്ചാത്തലത്തിൽ ചേർത്തലയിലും ആലപ്പുഴയിലും ജപ്പാൻ കുടിവെള്ള പദ്ധതിയിലൂടെ ഉപരിതല ജലം എത്തിക്കാൻ ശ്രമം നടന്നെങ്കിലും, പദ്ധതിപ്രകാരം ആലപ്പുഴയിലും സമീപ പഞ്ചായത്തുകളിലും പൂർണമായി ഉപരിതല ജലം വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല.
ഉപരിതല ജലം ലഭിക്കാത്ത പ്രദേശങ്ങളിൽ ഇന്നും ഭൂഗർഭജലം ഉപയോഗിച്ചാണ് കുടിവെള്ള വിതരണം നടക്കുന്നത്. അതേസമയം, ഭൂഗർഭ ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ തന്നെ കൂടുതൽ കുഴൽക്കിണറുകൾ സ്ഥാപിക്കുന്ന പ്രവണത തുടരുന്നതും ആശങ്ക ഉയർത്തുന്നു.
ഫ്ലൂറോസിസ്: ആരോഗ്യ ഭീഷണി
ഗവേഷകരുടെ അഭിപ്രായത്തിൽ, കുട്ടികളിൽ പല്ലിൽ കാണുന്ന ഡെന്റൽ ഫ്ലൂറോസിസ് ആ പ്രദേശത്ത് ഫ്ലൂറോസിസ് വ്യാപകമാണെന്നതിന് മുന്നറിയിപ്പാണ്.
മുതിർന്നവരിൽ ഇത് സ്കെലിറ്റൽ ഫ്ലൂറോസിസായി മാറുമ്പോൾ എല്ലുകൾ വിരൂപമായി വളരുക, നീണ്ടുനിൽക്കുന്ന വേദന, നാഡീസംബന്ധമായ പ്രശ്നങ്ങൾ, പുരുഷ വന്ധ്യത, തൈറോയിഡ് ഗ്രന്ഥിവീക്കം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ വരെ ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്.
English Summary
Fluorosis is reportedly spreading among people who depend on groundwater in Alappuzha district, but effective remedial measures are still lacking. Studies since 1999 have confirmed high fluoride levels in drinking water, with dental fluorosis found in 37% of children aged 10–15 in Ambalappuzha taluk. Although surface water supply projects were introduced, full coverage has not been achieved, and many areas still rely on groundwater, increasing health risks including skeletal fluorosis and other serious complications.
alappuzha-groundwater-fluorosis-no-effective-action
Alappuzha, fluorosis, groundwater, drinking water, fluoride, dental fluorosis, skeletal fluorosis, public health, Kerala, water supply, Japan drinking water project, Ambalappuzha









