75627 സ്ഥാനാർത്ഥികളിൽ 56,173 പേർ മാത്രം കണക്ക് നൽകി; തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടിയിലേക്ക്
തിരുവനന്തപുരം: തദ്ദേശ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിക്കാനുള്ള സമയപരിധി ജനുവരി 12-ന് അവസാനിച്ചു.
ആകെ മത്സരിച്ച 75,627 സ്ഥാനാർത്ഥികളിൽ 56,173 പേർ മാത്രമാണ് ഇതുവരെ ഓൺലൈനായി കണക്ക് സമർപ്പിച്ചിരിക്കുന്നത്.
നേരിട്ട് സമർപ്പിച്ചവരുടെ കണക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല
ഓൺലൈനായി സമർപ്പിക്കാൻ സാധിക്കാത്തവർക്ക് അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നേരിട്ട് ചെലവ് കണക്ക് നൽകാനുള്ള സൗകര്യവും നൽകിയിരുന്നു.
നിലവിൽ പുറത്തുവിട്ട കണക്കുകളിൽ നേരിട്ട് സമർപ്പിച്ചവരുടെ എണ്ണം ഉൾപ്പെടുത്തിയിട്ടില്ല.
ജനുവരി 31-നകം റിപ്പോർട്ട് സമർപ്പിക്കണം
ഓൺലൈനായും നേരിട്ടും സമർപ്പിച്ച ചെലവ് കണക്കുകളും അനുബന്ധ രേഖകളും പരിശോധിച്ച് ജനുവരി 31-നകം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകണമെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കണക്ക് നൽകാത്തവർക്ക് അയോഗ്യതാ നടപടി
സെക്രട്ടറിമാരുടെ റിപ്പോർട്ട് ലഭിച്ച ശേഷം ചെലവ് കണക്ക് സമർപ്പിക്കാത്ത സ്ഥാനാർത്ഥികൾക്കെതിരെ അയോഗ്യതാ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
English Summary:
The deadline for submitting election expense accounts for Kerala local body elections has ended, with only 56,173 out of 75,627 candidates submitting details online. The State Election Commission has warned that candidates who fail to submit accounts, after verification by local body secretaries, will face disqualification proceedings.









