ഇടുക്കി കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ ആത്മഹത്യ ചെയ്ത നിക്ഷേപകന്റെ ഭാര്യ പോലീസിനും സി.പി.എം. നേതാക്കൾക്കുമെതിരെ രംഗത്ത്. മുളങ്ങാശേരിയിൽ സാബു തോമസിന്റെ ഭാര്യ മേരിക്കുട്ടിയാണ് പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് രംഗത്തെത്തിയത്. പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലാത്തതിനാൽ കോടതിയെ സമീപിക്കും.
ആത്മഹത്യയുമായി ബന്ധപ്പെട്ട് അപവാദങ്ങൾ പ്രചരിക്കുന്നുണ്ട്. സാബുവിന്റെ ആത്മഹത്യക്ക് കാരണം സൊസൈറ്റി ഭരണസമിതിയാണ്. സിപിഎം മുൻ ഏരിയ സെക്രട്ടറിയും സൊസൈറ്റി പ്രസിഡന്റുമായിരുന്ന നിലവിലെ ജില്ലാ കമ്മിറ്റിയംഗം വി.ആർ.സജിക്കെതിരെ കേസെടുക്കണമെന്നും മേരിക്കുട്ടി പറഞ്ഞു.
സഹകരണ സംഘത്തിന്റെ മുന്നിൽ നിക്ഷേപകൻ തൂങ്ങിമരിച്ച സംഭവത്തിൽ കട്ടപ്പന കോടതിയിൽ ബുധനാഴ്ച പോലീസ് കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് സാബുവിന്റെ ഭാര്യ പ്രതികരണവുമായെത്തിയത്. സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജാമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയി തോമസ് എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കുറ്റപത്രം നൽകിയത്.
ഡിസംബർ 20 നാണ് സാബു കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ – ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് മുന്നിൽ ആത്മഹത്യ ചെയ്തത്. തുടർന്ന് പോലീസ് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ സെക്രട്ടറിയും രണ്ടു ജീവനക്കാരും ഭാര്യയുടെ ചികിത്സയ്ക്ക് പണം ചോദിച്ചു ചെന്നപ്പോൾ പിടിച്ചു തള്ളിയതായും ഇവരാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നും എഴുതിയിരുന്നു.
പിന്നാലെ ബാങ്കിന്റെ മുൻ പ്രസിഡന്റും മുൻ കട്ടപ്പന ഏരിയ സെക്രട്ടറിയായിരുന്ന വി.ആർ.സജിയും സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവന്നു.