തൃശൂർ : ശത്രുദോഷം മാറാൻ മന്ത്രവാദം നടത്തി പണം തട്ടുന്നയാൾ പിടിയിൽ. ചേർപ്പ് കോടന്നൂർ സ്വദേശി ചിറയത്ത് വീട്ടിൽ റാഫി(51)യാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയുടെ പരാതിയിലാണ് ഇയാളെ പിടികൂടിയത്. പ്രവാസിയിൽനിന്നുമാത്രം ഇയാൾ മൂന്നര ലക്ഷത്തോളം രൂപയാണ് റാഫി തട്ടിയെടുത്തത്. രോഗബാധിതരെ കണ്ടെത്തി അടുപ്പം സ്ഥാപിച്ചാണ് ഇയാൾ തട്ടിപ്പു നടത്തിയിരുന്നത്.When asked by the police, the assistant told the secret of ‘Divya Drishti
ചേർപ്പ് കോടന്നൂർ സ്വദേശി ചിറയത്ത് വീട്ടിൽ റാഫി (51) ആണ് അറസ്റ്റിലായത്. മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ് ഇയാൾ പിടിയിലാകുന്നത്. പ്രവാസി ബിസിനസുകാരാണ് ഇയാളുടെ ഇരകളിൽ ഭൂരിഭാഗവും. തട്ടിപ്പ് നടത്തേണ്ടവരെ കണ്ടെത്തി, വീടിന്റെയും വസ്തുവിന്റെയും ദോഷങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്ന ഇയാൾ പിന്നീട് ഉടമകൾ അറിയാതെ അവരുടെ വീട്ടുപറമ്പിൽ ഏലസുകൾ, നാഗരൂപങ്ങൾ, വിഗ്രഹങ്ങൾ കുഴിച്ചിടും.
പിന്നീട് ഇയാൾ തന്നെ തന്റെ ‘ദിവ്യദൃഷ്ടി’യിൽ ഇവ കണ്ടെത്തും. ഇവ ശത്രുക്കൾ കുഴിച്ചിട്ടതാണെന്നു പറഞ്ഞു വിശ്വസിപ്പിക്കും. തുടർന്ന് ഏലസുകളും തകിടുകളും നശിപ്പിക്കുന്നതിന് പ്രത്യേക പ്രാർഥനകൾ വേണമെന്നു പറഞ്ഞ് ബൈബിൾ വചനങ്ങൾ വായിച്ച് കൊന്തയും കുന്തിരിക്കവും വെഞ്ചിരിച്ച വെള്ളവും ഒരുക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.
ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയിൽനിന്ന് മാത്രം 3 ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തിട്ടുണ്ട്. ഇയാളുടെ പ്രവർത്തിയിൽ വിശ്വാസം തോന്നിയ പ്രവാസി സുഹൃത്തിന്റെ വീട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാനും ഇയാളെ നിയോഗിച്ചു.
പ്രവാസിയുടെ സുഹൃത്തിന്റെ വീട്ടിലും ദോഷത്തകിടുകളും ഏലസുകളും ഉണ്ടെന്നു പറഞ്ഞ് സുഹൃത്തിന്റെ വീടിന്റെ
പിൻഭാഗത്ത് കുഴിയെടുത്ത് ആറോളം ഏലസുകൾ പുറത്തെടുത്തു.
എന്നാൽ ഇവർ പോയശേഷം ഇവിടത്തെ സിസിടി.വി. ക്യാമറകൾ പരിശോധിച്ചപ്പോൾ റാഫിയുടെ സഹായി പോക്കറ്റിൽനിന്ന് ഏലസുകൾ എടുത്ത് കുഴിയിലിട്ടു മൂടുന്നതു കണ്ടതോടെ കള്ളി വെളിച്ചത്തായി. പ്രവാസിയുടെ പിതാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് വ്യാജ സിദ്ധനെ തന്ത്രത്തിൽ പിടികൂടുകയായിരുന്നു.
പൊലീസിന്റെ ചോദ്യം ചെയ്യലിൽ തന്റെ സിദ്ധികളെല്ലാം റാഫി തുറന്നു പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി. തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.
കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ അനീഷ് കരീം ആണ് പ്രതിയെ പിടികൂടിയത്.
പല സ്ഥലങ്ങളിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടാകുമെന്ന് സംശയിക്കുന്നതായി ഡിവൈ.എസ്.പി. കെ.ജി. സുരേഷ് പറഞ്ഞു. ഇരിങ്ങാലക്കുട ഇൻസ്‌പെക്ടർ അനീഷ് കരീം, എസ്.ഐമാരായ സി.എം. ക്ലീറ്റസ്, സുധാകരൻ സീനിയർ സി.പി.ഒമാരായ എൻ.എൽ. ജെബിൻ, കെ.എസ്. ഉമേഷ്, ഇ.എസ്. ജീവൻ, രാഹുൽ അമ്പാടൻ, സോണി സേവ്യർ, സൈബർ സെൽ സി.പി.ഒ. സനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.