തിരുവനന്തപുരം: നാടിനെ നടുക്കിയ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് പ്രത്യേക ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. നിബന്ധനകൾക്ക് വിധേയമായാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
ദുരന്തത്തിൽ മാതാപിതാക്കളിൽ രണ്ട് പേരെയും നഷ്ടപ്പെട്ട 7 കുട്ടികൾക്കും, മാതാപിതാക്കളിൽ ഒരാളെ മാത്രം നഷ്ടപ്പെട്ട 14 കുട്ടികൾക്കുമാണ് ധനസഹായം ലഭ്യമാവുക.
10 ലക്ഷം രൂപ വീതമാകും ഓരോ കുട്ടിക്കും അനുവദിച്ചിരിക്കുന്നത്. മാത്രമല്ല വനിത ശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണ് ഈ സഹായം ലഭ്യമാവുക.
കുട്ടികൾക്കുള്ള പണം അനുവദിക്കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ആയിരിക്കും. ഈ തുക വയനാട് ജില്ലാ കളക്ടറുടെ അക്കൗണ്ടിലാണ് സൂക്ഷിക്കുക. കുട്ടികൾക്ക് 18 വയസ് പൂർത്തിയാകുന്നതുവരെ ഈ പണം പിൻവലിക്കാനാവുകയുമില്ല.
എന്നാൽ ഈ തുകയുടെ പലിശ മാസം തോറും പിൻവലിക്കാൻ കഴിയും. ഈ പലിശത്തുക കുട്ടികളുടെ രക്ഷകർത്താവിന് നൽകാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.