വയനാട്: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനെയും ഇളയ മകനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആണ് സംഭവം.
നേരത്തേ വയനാട് ഡിസിസി ജനറൽ സെക്രട്ടറിയായിരുന്നു വിജയൻ. സുൽത്താൻബത്തേരി ഗ്രാമപഞ്ചായത്തായിരുന്ന സമയത്ത് നീണ്ടകാലം പ്രസിഡന്റ് ആയിരുന്നു. ജില്ലയിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനാണ് വിജയൻ.
വിഷം കഴിച്ച നിലയിൽ ഇരുവരെയും ഇവരുക വീടിനുള്ളിലാണ് കണ്ടെത്തിയത്. വിജയന്റെ ഇളയ മകൻ നീണ്ടകാലമായി കിടപ്പിലാണ്. മറ്റൊരാളുടെ പരിചരണമില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
ഇരുവരെയും ആദ്യം ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം അവസ്ഥ ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ഐസിയുവിൽ കഴിയുന്ന വിജയന്റെയും മകന്റെയും അവസ്ഥ അതീവ ഗുരുതരമാണ്.
ബത്തേരി അർബൻ സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ടുള്ള ചില തർക്കങ്ങളും സാമ്പത്തിക ഇടപാടുകളും ഇദ്ദേഹത്തിന്റെ പേരിൽ നേരത്തേ വന്നിരുന്നു. ഇതാണോ വിഷം കഴിക്കാനുള്ള കാരണമെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.