വര്‍ഷങ്ങളായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സംഘടനയാണ് വിജയ് മക്കള്‍ ഇയക്കം. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ കഴിഞ്ഞമാസം നടത്തിയ ചടങ്ങില്‍ വിജയ് ആദരിച്ചിരുന്നു. അതിന് പിന്നാലെ 234 നിയമസഭാമണ്ഡലങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കായി രാത്രികാല പഠനകേന്ദ്രങ്ങള്‍ (ഇരവുനേര പാഠശാലൈ) ആരംഭിക്കാനാണ് പുതിയ പദ്ധതി. അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി കെ കാമരാജിന്റെ ജന്മവാര്‍ഷിക ദിനമായ ജൂലൈ 15ന് പദ്ധതിക്ക് തുടക്കം കുറിക്കാനാണ് തീരുമാനം.
വിജയുടെ പേരില്‍ സംഘടന നടത്തിവരുന്ന നേത്രദാന-രക്തദാന പദ്ധതികള്‍ക്കും സൗജന്യ ഭക്ഷണ പദ്ധതിക്കും ശേഷമുള്ള ഏറ്റവും വലിയ പദ്ധതിയാണ് രാത്രികാല ക്ലാസുകള്‍. ഒരു മണ്ഡലത്തില്‍ നാല് കേന്ദ്രങ്ങളെങ്കിലും ആരംഭിക്കണമെന്നാണ് താരത്തിന്റെ നിര്‍ദേശം. കടലൂരില്‍ ഇതിനോടകം പദ്ധതി നടന്നുവരികയാണെന്നും തമിഴ്നാട്ടിലുടനീളം വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ആരാധക സംഘടനയുടെ ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് പറഞ്ഞു.
തമിഴകത്ത് വലിയ സ്വീകാര്യതയുള്ള വിജയ് യുവജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയമായി സ്വാധീനമുറപ്പിക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കങ്ങള്‍. ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യുടെ റിലീസിന് മുന്നോടിയായാണ് വിജയ് പദയാത്ര നടത്താനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഉയര്‍ന്ന പ്രീ റിലീസ് ഹൈപ്പുള്ള ഒരു വിജയ് ചിത്രത്തിന് താരം നേരിട്ടിറങ്ങി പ്രൊമോഷന്‍ നല്‍കേണ്ട ആവശ്യമില്ലെന്നിരിക്കെ രാഷ്ട്രീയ പ്രവേശനം തന്നെയാണ് പദയാത്രയ്ക്ക് പിന്നിലെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍. 2012ലാണ് വിജയ് അവസാനമായി മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയത്.
ആരാധക കൂട്ടായ്മ വിജയ് മക്കള്‍ ഇയക്കത്തിലെ 234 നിയോജക മണ്ഡലങ്ങളിലെയും ഭാരവാഹികള്‍ ചെന്നൈയിലെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വിജയ് പങ്കുവെച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ യോഗങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തകര്‍ പറഞ്ഞത്. അതേസമയം രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി സിനിമയില്‍ നിന്ന് വിജയ് മൂന്ന് വര്‍ഷം ഇടവേളയെടുക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രവര്‍ത്തകര്‍ തള്ളിയിട്ടുണ്ട്. സംഘടനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതാണ് പ്രധാന ചര്‍ച്ചാവിഷയം. വ്യാഴാഴ്ചയും ചര്‍ച്ച തുടരുകയാണ്.