ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റിനെയും വനിതാ ക്രിക്കറ്റിനെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഏകദിന പരമ്പരകള്‍ ഒഴിവാക്കാന്‍ തീരുമാനം. ക്രിക്കറ്റ് പരിഷ്‌കരണ സമിതിയായ മാര്‍ലിബന്‍ ക്രിക്കറ്റ് ക്ലബാണ് (എംസിസി) പുതിയ പരിഷ്‌കരണം ആലോചിക്കുന്നത്. 2027 ഏകദിന ലോകകപ്പിന് ശേഷമാവും മാറ്റമുണ്ടാകുക. ഒരു ലോകകപ്പ് കഴിഞ്ഞാല്‍ പിന്നീട് മൂന്ന് വര്‍ഷത്തേയ്ക്ക് ഏകദിന പരമ്പരകള്‍ ഉണ്ടാവില്ല. അടുത്ത ലോകകപ്പിന് ഒരു വര്‍ഷം ബാക്കിയുള്ളപ്പോള്‍ ഏകദിന മത്സരങ്ങള്‍ നടത്താനുമാണ് ആലോചന. ഏകദിന പരമ്പരകള്‍ ഒഴിവാക്കുമ്പോള്‍ ക്രിക്കറ്റ് കലണ്ടറില്‍ ആവശ്യമായ സമയം ലഭിക്കുമെന്നും എംസിസി നിരീക്ഷിച്ചു. തിരക്കേറിയ ട്വന്റി 20 ലീ?ഗുകളിലും മാറ്റം വരുത്താന്‍ നീക്കമുണ്ട്.
ടെസ്റ്റ് ക്രിക്കറ്റിന് വേദിയാകാനുള്ള രാജ്യങ്ങളുടെ താല്‍പ്പര്യക്കുറവും എംസിസി നിരീക്ഷിച്ചു. ടെസ്റ്റ് ക്രിക്കറ്റ് നടത്തുമ്പോഴുള്ള വലിയ ചെലവാണ് രാജ്യങ്ങളെ വേദിയാകുന്നതില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കുന്നത്. ഇതിന് പരിഹാരമായി ടെസ്റ്റ് ക്രിക്കറ്റിന് ഓരോ രാജ്യങ്ങളിലും ഉണ്ടാവുന്ന ചെലവ് ഐസിസിക്ക് നല്‍കണം. ഇത് നഷ്ടങ്ങള്‍ ഉണ്ടാകുന്ന രാജ്യങ്ങള്‍ക്ക് സാമ്പത്തിക പരിഹാരം നല്‍കാന്‍ ഐസിസിയെ സഹായിക്കുമെന്നും എംസിസി ചൂണ്ടിക്കാട്ടി.
ടെസ്റ്റ് ക്രിക്കറ്റും വനിതാ ക്രിക്കറ്റും സംരക്ഷിക്കാന്‍ പ്രത്യേക സാമ്പത്തിക പദ്ധതി തയ്യാറാക്കണമെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് എംസിസി ആവശ്യപ്പെട്ടിട്ടുണ്ട്. 1971 ലാണ് ആദ്യ ഏകദിന മത്സരം നടന്നത്. 1975 ല്‍ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നടന്നു. തുടര്‍ന്നാണ് ക്രിക്കറ്റിന്റെ ജനപ്രീതി ഉയര്‍ന്നത്. ഏകദിന പരമ്പരകള്‍ ഒഴിവാക്കിയുള്ള പുതിയ തീരുമാനങ്ങള്‍ ക്രിക്കറ്റ് ലോകം എങ്ങനെ സ്വീകരിക്കുമെന്നാണ് കണ്ടറിയേണ്ടത്.