സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ വൻ ട്വിസ്റ്റ്
തിരുവനന്തപുരം: ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. യുഡിഎഫ് മുന്നോട്ടുവച്ച അഞ്ച് ഇന്ദിരാ ഗ്യാരണ്ടികളിൽ രണ്ടെണ്ണം ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആശാവർക്കർമാരുടെ വേതനം 3000 രൂപ വർധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. അങ്കണവാടി ജീവനക്കാരുടെ വേതനം ആദ്യഘട്ടമായി 1000 രൂപ വർധിപ്പിക്കും. പാചകത്തൊഴിലാളികൾക്കും പ്രീപ്രൈമറി അധ്യാപകർക്കും ആയമാർക്കും ആയിരം രൂപ വീതം വർധന അനുവദിച്ചു.
നിയമസഭയിലെ മുതിർന്ന അംഗമായ ജി. സുധാകരനെ പ്രോടേം സ്പീക്കറായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ജൈജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സർക്കാർ ധവളപത്രം പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
English Summary
Chief Minister V.D. Satheesan announced several welfare measures during the first cabinet meeting, including free KSRTC bus travel for women from June 15 and the formation of a separate department for senior citizens. The government also approved salary hikes for ASHA workers, anganwadi staff, cooking workers, and pre-primary employees. G. Sudhakaran was named Protem Speaker and Jaiju Babu appointed Advocate General.









