കൊച്ചുകുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നുള്ള ആശങ്കയുണ്ടെന്നും അതിനാൽ, സംസ്ഥാന സ്കൂൾ കായികമേളയിലേക്കു കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്നും മന്ത്രി വി.ശിവൻകുട്ടി. V. Shivankutty said that Suresh Gopi will not be invited to the state school sports fest.
‘‘ഇവിടെ വന്നു കുട്ടികളുടെ തന്തയ്ക്കു വിളിച്ചുപോയാൽ അത് അംഗീകരിക്കാൻ കഴിയില്ല. എന്തും എപ്പോഴും വിളിച്ചു പറയുന്നയാളാണു സുരേഷ് ഗോപി. ഐക്യകേരള രൂപീകരണത്തിനു ശേഷം ഇവിടെ ഒട്ടേറെ രാഷ്ട്രീയ സംഭവവികാസങ്ങൾ നടന്നിട്ടുണ്ട്.
ഇങ്ങനെ ഒറ്റത്തന്തയ്ക്കു വിളിക്കുന്നത് ആദ്യമായാണ്. കേരളത്തിലെ ജനങ്ങളെ ‘ഒറ്റത്തന്തയ്ക്കു പിറന്നവൻ’ എന്നു വിളിച്ച് ആക്ഷേപിച്ചതു പിൻവലിച്ചാൽ മേളയിലേക്ക് സുരേഷ് ഗോപിയെ വിളിക്കാം’’– മന്ത്രി പറഞ്ഞു.
എന്നാൽ ആരുടെയും അച്ഛനു വിളിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. അത്തരത്തിൽ വിളിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സിനിമാ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂർ പൂരം കലക്കിയതിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കാൻ വെല്ലുവിളിച്ചുകൊണ്ടാണ് സുരേഷ് ഗോപി ‘ഒറ്റത്തന്ത’ പരാമർശം നടത്തിയത്. ചേലക്കരയിലെ ബിജെപി തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു പരാമർശം.