ആലപ്പുഴ: പേടി കൊണ്ടോ, കാര്യത്തിന്റെ ഗൗരവം മനസ്സിലാകാത്തതുകൊണ്ടോ ആയിരിക്കും അവനതു വീട്ടിൽ പറയാതിരുന്നത്.
പറയാതെ പോയ അവൻ്റെ ആ വാക്കിന് ജീവന്റെ വിലയുണ്ട്. പേവിഷബാധയേറ്റു ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരനു വേണ്ടി ഒരു നാടു മുഴുവൻ പ്രാർഥനയോടെയും നിറകണ്ണുകളോടെയും കാത്തിരിക്കുകയാണ്.
രണ്ടാഴ്ച മുൻപു സൈക്കിളിൽ പോകുമ്പോൾ തെരുവുനായ കടിച്ച വിവരം കുട്ടി വീട്ടിൽ പറഞ്ഞിരുന്നില്ല. ചാരുംമൂട് സ്വദേശിയാണു കുട്ടി.
പനി ബാധിച്ചതിനെത്തുടർന്നു നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണു പേവിഷബാധയുടെ ലക്ഷണം കണ്ടത്.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് കുട്ടിയെ. സാധ്യമായ ചികിത്സ നൽകുന്നുണ്ട്.