മുംബൈ: ബാല്‍ താക്കറെയുടെ യഥാര്‍ഥ പിന്‍ഗാമികള്‍ തങ്ങളാണെന്ന വാദവും ശക്തി പ്രകടനവുമായി ശിവസേനയുടെ സ്ഥാപക ദിനം ആഘോഷിക്കാന്‍ ഉദ്ധവ് താക്കറെ – ഏക്‌നാഥ് ഷിന്‍ഡെ വിഭാഗങ്ങള്‍. പിളര്‍പ്പിന് ഒരു വര്‍ഷത്തിനുശേഷം വരുന്ന ആഘോഷം രണ്ടു വിഭാഗങ്ങളും രണ്ടായി നടത്തും. കാര്‍ട്ടൂണിസ്റ്റായിരുന്ന ബാല്‍ താക്കറെ 1966 ജൂണ്‍ 19നാണ് ശിവസേന സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു പിളര്‍പ്പ്.
വരുന്ന ലോക്‌സഭാ, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്‍നിര്‍ത്തി ശക്തിപ്രകടനമാണ് ഇരു വിഭാഗങ്ങളും നടത്താനിരിക്കുന്നത്. ഷിന്‍ഡെ വിഭാഗം നടത്തുന്ന പരിപാടി വടക്കുപടിഞ്ഞാറന്‍ മുംബൈയിലെ ഗോരഗാവിലും ഉദ്ധവ് വിഭാഗത്തിന്റേത് മധ്യ മുംബൈയിലെ സിയോണിലുമാണ്.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാരിനെ അട്ടിമറിച്ച് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ 39 എംഎല്‍എമാര്‍ ബിജെപിയുടെ പിന്തുണയോടെ കൂറുമാറുകയായിരുന്നു. ഷിന്‍ഡെ മുഖ്യമന്ത്രിയായി. പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പേരും ചിഹ്നവും ഷിന്‍ഡെ വിഭാഗത്തിനു അനുവദിക്കുകയും ചെയ്തു. ഉദ്ധവ് വിഭാഗത്തിന്റെ പേര് ശിവസേന (യുബിടി -ഉദ്ധവ് ബാലസാഹബ് താക്കറെ) എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചത്.
അതിനിടെ, ഉദ്ധവ് വിഭാഗത്തിന്റെ എംഎല്‍സി മനീഷ കായന്‍ഡെ ഷിന്‍ഡെ വിഭാഗത്തിനൊപ്പം ചേര്‍ന്നു. ശിവസേന (യുബിടി) പാര്‍ട്ടി വനിതകളില്‍നിന്നുവരെ പണം ആവശ്യപ്പെടുന്നുവെന്നും മനീഷ ആരോപിച്ചു. സ്ഥാപകദിനത്തോടു ചേര്‍ന്നുതന്നെ മനീഷ കൂറുമാറിയത് നേതൃത്വത്തെ ഞെട്ടിച്ചു. കഴിഞ്ഞദിവസം മുതിര്‍ന്ന നേതാവ് ശിഷിര്‍ ഷിന്‍ഡെയും പാര്‍ട്ടി വിട്ട് ശിവസേനയില്‍ ചേര്‍ന്നിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്തുകൊണ്ടു വിട്ടുപോകുന്നുവെന്ന് താക്കറെ വിഭാഗത്തിനു നേതൃത്വം നല്‍കുന്നവര്‍ ചിന്തിക്കുമെന്നു ഒരു വര്‍ഷമായി കാത്തിരിക്കുകയായിരുന്നുവെന്നാണ് താനെയില്‍ ശിവസേനയില്‍ ചേര്‍ന്ന പരിപാടിയില്‍ വച്ച് മനീഷ പറഞ്ഞത്. ”ഷിന്‍ഡെ നേതൃത്വം നല്‍കുന്നതാണ് ബാലസാഹബ് താക്കറെയുടെ യഥാര്‍ഥ ശിവസേന. കഴിഞ്ഞ ജൂണില്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ മികച്ച പ്രകടനമാണ് കാണുന്നത്. കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും അജന്‍ഡ നടപ്പാക്കുകയാണ് താക്കറെ വിഭാഗം. ഹിന്ദു ദൈവങ്ങള്‍ക്കെതിരെ സംസാരിക്കുന്നവര്‍ക്കു ശിവസേനയുടെ മുഖമാകാന്‍ സാധിക്കില്ല” – അവര്‍ കൂട്ടിച്ചേര്‍ത്തു.