ഇരിങ്ങാലക്കുട: കേരളത്തിൽ രണ്ട് ഇനം ചീവീടുകളെ കൂടി കണ്ടെത്തി. ‘ഈക്കാന്തസ് ഇൻഡിക്കസ്’, ‘ഈക്കാന്തസ് ഹെന്റിയി’ എന്നിവയുടെ സാന്നിധ്യമാണ് സംസ്ഥാനത്ത്കണ്ടെത്തിയത്. ക്രൈസ്റ്റ് കോളജിലെ ഗവേഷകരാണ് നിർണായക കണ്ടെത്തൽ പുറത്തുവിട്ടത്.
പുൽച്ചാടികളും വിവിധയിനം ചീവീടുകളും ഉൾപ്പെടുന്ന ഓർഡർ ഓർത്തോപ്റ്റീറയിലെ ഈക്കാന്തിഡേ കുടുംബത്തിൽപ്പെട്ടവയാണ് ഇവ. ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എൻറമോളജി ഗവേഷണ കേന്ദ്രം ഗവേഷണ വിദ്യാർഥിനി ഇ.എസ്. തസ്നീം, ഗവേഷണ മേധാവിയും അസി. പ്രഫസറുമായ ഡോ. സി. ബിജോയ്, ഡോ. ധനീഷ് ഭാസ്കർ എന്നിവരാണ് കണ്ടെത്തലിന് പിന്നിൽ.
ഈക്കാന്തിഡേ കുടുംബത്തിൽനിന്നും ഏഴ് ജനുസുകൾ കേരളത്തിൽനിന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈക്കാന്തസ് ജനുസിൽ ഉൾപ്പെടുന്ന ചീവീടുകളെ കേരളത്തിൽ കണ്ടെത്തുന്നത് ഇതാദ്യമായാണ്.
അന്തരീക്ഷ താപനിലയിൽ ഉണ്ടാവുന്ന വ്യതിയാനങ്ങൾക്ക് അനുസൃതമായി വ്യത്യസ്ത ആവൃത്തിയിലുള്ള ശബ്ദം പുറപ്പെടുവിക്കാൻ കഴിവുള്ളത് കൊണ്ട് ഇവയെ ‘തെർമോമീറ്റർ ക്രിക്കറ്റ്’ എന്ന് വിളിക്കാറുണ്ട്. അന്താരാഷ്ട്ര ശാസ്ത്ര മാസികയായ ‘മ്യൂണിസ് എൻറമോളജി ആൻഡ് സുവോളോജി’യുടെ സെപ്റ്റംബർ ലക്കത്തിൽ പഠനം പ്രസിദ്ധീകരിച്ചു. യു.ജി.സിയുടെ സാമ്പത്തിക സഹായത്തോടെയാണ് പഠനം നടന്നത്.
English Summary
Two more species of crickets found in Kerala