ബൈക്ക് നിയന്ത്രണം വിട്ട് 70 അടി താഴ്ചയിലേക്ക് വീണു മൂന്ന് പേർക്ക് ദാരുണാന്ത്യം
ഗുജറാത്തിലെ സൂറത്തില്‍ പട്ടത്തിന്റെ ചരട് ഇരുചക്രവാഹനത്തില്‍ കുടുങ്ങി നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഫ്‌ളൈ ഓവറില്‍ നിന്ന് താഴേക്ക് മറിഞ്ഞ് ഒരുകുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു.
ബുധനാഴ്ച വൈകുന്നേരം നഗരത്തെ നടുക്കിയ അപകടത്തില്‍ സൂറത്ത് സായിദ്പുര സ്വദേശികളായ റെഹാന്‍ ഷെയ്ഖ് (35), ഭാര്യ റെഹന (30), മകള്‍ അലീഷ എന്നിവരാണ് മരിച്ചത്.
മൊറാഭാഗലിലെ സുഭാഷ് ഗാര്‍ഡനിലേക്ക് കുടുംബത്തോടൊപ്പം സഞ്ചരിക്കവെയാണ് അപകടമുണ്ടായത്.
ചന്ദ്രശേഖര്‍ ആസാദ് പാലം എന്നറിയപ്പെടുന്ന ജിലാനി പാലത്തിലൂടെ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പട്ടത്തിന്റെ ചരട് അപ്രതീക്ഷിതമായി വാഹനത്തില്‍ കുടുങ്ങിയത്.
നഗരത്തില്‍ പട്ടം പറത്തല്‍ വ്യാപകമായ സാഹചര്യത്തിലായിരുന്നു അപകടമെന്ന് പൊലീസ് വ്യക്തമാക്കി.
പെട്ടെന്ന് എത്തിയ പട്ടത്തിന്റെ നൂല്‍ റെഹനയുടെ ശരീരത്ത് ചുറ്റിയതോടെ വാഹനം അസ്ഥിരമായി. അപകടം ഒഴിവാക്കാന്‍ റെഹാന്‍ ഒരു കൈ ഉപയോഗിച്ച് ചരട് ഊരിമാറ്റാന്‍ ശ്രമിക്കുകയും മറ്റുകൈ കൊണ്ട് ബൈക്ക് നിയന്ത്രിക്കാനായി ശ്രമിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
എന്നാല്‍ ഈ ശ്രമത്തിനിടയില്‍ ബൈക്കിന്റെ നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ടു. തുടര്‍ന്ന് വാഹനം ഫ്‌ളൈ ഓവറില്‍ നിന്ന് ഏകദേശം 70 അടി താഴ്ചയിലേക്ക് മറിഞ്ഞു.
ശക്തമായ ഇടിയില്‍ റെഹാനും മകള്‍ അലീഷയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തില്‍ തെറിച്ചുവീണ റെഹന സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു ഓട്ടോറിക്ഷയില്‍ പതിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നഗരം ചുറ്റിക്കാണാന്‍ സന്തോഷയാത്രയായി ഇറങ്ങിയ കുടുംബത്തിനാണ് ദാരുണമായ അന്ത്യം സംഭവിച്ചത്.
അപകടവിവരം അറിഞ്ഞതോടെ പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതക്കുരുക്കും വലിയ ജനക്കൂട്ടവും രൂപപ്പെട്ടു.
പട്ടത്തിന്റെ ചരട് മൂലമുണ്ടാകുന്ന അപകടങ്ങള്‍ സൂറത്തടക്കമുള്ള ഗുജറാത്തിലെ നഗരങ്ങളില്‍ വര്‍ധിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.









