കൊച്ചി: തൊണ്ണൂറുകളുടെ അവസാനമാണ് സരസ്വതിയും ഭർത്താവ് ആറുമുഖനും പാലാരിവട്ടത്തിനടുത്ത് തട്ടുകട തുടങ്ങിയത്. അവിടമായിരുന്നു വീട്.The success story of a Kochi housewife
പെൺമക്കൾ വളർന്നപ്പോൾ വാടക വീട്ടിലേക്ക് മാറി. 2,000ൽ ഇഡ്ഡലിക്കച്ചവടം തുടങ്ങി. 25 ഇഡ്ഡലി ആദ്യമായി ഹോട്ടലിന് വിറ്റത് 50പൈസയ്ക്ക്.
ജീവിതം കരകയറിത്തുടങ്ങുന്നതിനിടെ ആറുമുഖനെ മരണം കവർന്നു.
പിന്നെ പെൺമക്കളുമായി ജീവിത പോരാട്ടമായിരുന്നു. സൈക്കിൾ ബാലൻസ് പോലുമില്ലാതിരുന്നിട്ടും ടു വീലർ ലൈസൻസെടുത്ത് ഇഡലി കടകളിലെത്തിച്ചു. മൂത്തയാൾ പ്ലസ് ടൂ വരെ പഠിച്ചു.
ഇളയ രണ്ടു പേരും ബിരുദധാരികളായി. ഗുണമേന്മ വാമൊഴിയായി പരന്നതോടെ ഓർഡറുകൾ കൂടി. ഇപ്പോൾ 50ലേറെ ഹോട്ടലുകളിൽ ദിവസം 5,000ലേറെ ഇഡ്ഡലികൾ വിൽക്കുന്നു ഈ അറുപതുകാരി.
അമേരിക്ക ചുറ്റിക്കറങ്ങി തിരിച്ചെത്തിയതേയുള്ളൂ എറണാകുളം ഗാന്ധി നഗർ സ്വദേശി സരസ്വതി ആറുമുഖൻ. ഗാന്ധിനഗറിൽ സ്വന്തം ഇരുനില വീട്ടിൽ സന്തോഷത്തോടെ ജീവിതം.
മൂന്ന് പെൺമക്കളുടെ വിവാഹം നടത്തി. എല്ലാം ഇഡ്ഡലിത്തട്ട് നൽകിയ ഐശ്വര്യം. നാല് ലക്ഷം മുടക്കിയുള്ള 35 ദിവസം നീണ്ട യാത്രയിൽ അമേരിക്കയ്ക്കു പുറമെ ഗൾഫ് രാജ്യങ്ങളും കണ്ടു.
നഗരനടുവിൽ പണിത പുതിയ വീടിന്റെ താഴത്തെ നിലയിലാണ് ഇഡ്ഡലി സംരംഭം. വലിയ ഗ്രൈൻഡറുകളിൽ അരിയും ഉഴുന്നും അരയ്ക്കൽ രാവിലെ 11ന് തുടങ്ങും. ഇളയ മകൾ ധന്യയാണിപ്പോൾ സരസ്വതിക്ക് കൂട്ട്. വെളുപ്പിന് ഒരു മണിക്ക് 250 ഇഡ്ഡലി ഉണ്ടാക്കാവുന്ന തട്ടുകൾ അടുപ്പത്ത് കയറും.
മൂന്നര മുതൽ വിതരണം. പുലരും മുൻപ് ഹോട്ടലുകളിലെത്തിക്കും.
യാത്രകൾക്ക്കൂട്ട് ഈ പണംആറുമുഖനുമൊത്ത് കർണാടക, തമിഴ്നാട് യാത്രകൾ നടത്തി. ഡൽഹി, മുംബയ് തുടങ്ങിയ സ്ഥലങ്ങളിൽ ഒറ്റയ്ക്കും.
ബന്ധുക്കൾക്കൊപ്പമായിരുന്നു കഴിഞ്ഞ മാസം അമേരിക്കൻ യാത്ര. ന്യൂയോർക്കിലും വാഷിംഗ്ടണിലുമുള്ള ആറുമുഖന്റെ ജ്യേഷ്ഠന്റെ മക്കളുടെ അടുത്തേക്ക്. മടങ്ങും വഴി ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലും കറങ്ങി. വിദ്യ സ്വാമിനാഥൻ, ദിവ്യ സുരേഷ് എന്നിവരാണ് മറ്റു മക്കൾ.









