എറണാകുളം: മറൈൻ ഡ്രൈവിൽ ജനുവരി ഒന്നു വരെ നീണ്ടു നിൽക്കുന്ന കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കമായി.
എറണാകുളം ജില്ല അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെൻറ് അതോറിറ്റിയും (ജിസിഡിഎ)യും സംയുക്തമായി സംഘടിപ്പിക്കുന്ന 41-ാമത് കൊച്ചിൻ ഫ്ലവർ ഷോ കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
എറണാകുളം ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ് െഎഎഎസ്, ഹെെബി ഈഡൻ എംപി, ടിജെ വിനോദ് എംഎൽഎ, കൊച്ചിൻ ഫ്ലവർ ഷോ ജനറൽ കൺവീനർ ടി. എൻ സുരേഷ്, ഫ്ലവർഷോ വൈസ് പ്രസിഡന്റ് പ്രൊഫ. ജേക്കബ് വർഗീസ് കുന്തറ എന്നിവർ പങ്കെടുത്തു.
കേരളത്തിൽ ആദ്യമായി 54000 ചതുരശ്ര അടിയിൽ ഒരുങ്ങുന്ന ഇന്ത്യയിലെ ഏറ്റവും വലിപ്പമുള്ള ഫ്ലവർ ഷോ ഇത്തവണ ഏറെ കൗതുകം നിറഞ്ഞതാണ്. ക്രിസ്മസ് ആഘോഷങ്ങൾക്ക് പുത്തൻ നിറം നൽകി ബ്രൊമിലിയാട്സ്, ജമന്തി എന്നിവ കൊണ്ടുള്ള ക്രിസ്മസ് ട്രീ കാഴ്ചക്കാരെ ഏറെ ആകർഷിക്കുന്നതാണ്. ഹോളണ്ടിൽ നിന്നുള്ള ഏഴ് വ്യത്യസ്ത നിറങ്ങളിലും ഇനങ്ങങ്ങളിലും ഉള്ള കലാ ലില്ലി, പത്തു നിറത്തിലും ഇനത്തിലും ഉള്ള അയ്യായിരത്തോളം പോയിൻസിറ്റിയ ഏറെ വ്യത്യാസസ്ഥത നിറഞ്ഞതാണ്. കലാ ലില്ലിയുടെ കിഴങ്ങ് ഹോളണ്ടിൽ നിന്നും എത്തിച്ചു കേരളത്തിൽ വളർത്തിയെടുത്തതാണ്. കേരളത്തിൽ തന്നെ ആദ്യമായാണ് കലാ ലില്ലിയുടെ ഇത്രയും വിപുലമായ പ്രദർശനം.
നിലം തൊട്ട് നിൽക്കുന്ന ഇലകളുള്ള തായ്‌ലൻഡിൽ നിന്ന് കൊണ്ടുവന്ന ബോസ്റ്റൺ ഫേൺ സന്ദർഷകർക്ക് ഏറെ കൗതുകം ഉണർത്തുന്നതാണ്. മുപ്പത്തി ഏഴായിരത്തി എണ്ണൂറ്റി അമ്പത് പച്ചമുളകിൽ തീർത്ത മയിലിന്റെ രൂപം ഇത്തവണത്തെ ഫ്ലവർഷോയ്ക്ക് മാറ്റുരക്കുന്നതാണ്.
5000ത്തിനു മുകളിൽ ഓർക്കിഡുകൾ, അഡീനിയം, ആന്തൂറിയം, റോസ്, വിവിധ നിറത്തിലുള്ള പൂക്കളുമായി വാർഷിക പൂച്ചെടികൾ, ബോൺസായ് ചെടികൾ, പലതരം സക്കുലന്റ് ചെടികൾ, പുഷ്പാലങ്കാരം, വെജിറ്റബിൾ കാർവിങ്, മിത ശീതോഷ്ണ കാലാവസ്ഥയിലെ പൂച്ചെടികളായ കല്ലാ ലില്ലി, അമാരില്ലസ്, ഫ്യൂഷിയ, യുസ്റ്റോമ, അസ്സേലിയ തുടങ്ങി കാഴ്ച്ചക്കാർക്ക് ചിരപരിചിതമല്ലാത്ത ഒട്ടേറെ ചെടികളും ഇത്തവണയുണ്ട്.
രാത്രി 9 മണിവരെയാണ് പ്രവേശനം. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്. ഗ്രൂപ്പായി വരുന്ന കുട്ടികൾക്ക് ആകർഷകമായ ഇളവുകളും ഉണ്ട്.
ഫോട്ടോ അടിക്കുറിപ്പ്: കൊച്ചിൻ ഫ്ലവർ ഷോ ഉദ്ഘാടന വേളയിൽ ഉദ്ഘാടകൻ മേയർ അഡ്വ. എം അനിൽ കുമാർ പവലിയൻ സന്ദർശിക്കുന്നു. സമീപം ഹെെബി ഈഡൻ എംപി, ടിജെ വിനോദ് എംഎൽഎ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് െഎഎഎസ്, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള, ടി. എൻ സുരേഷ്, പ്രൊഫ. ജേക്കബ് വർഗീസ് കുന്തറ