ചേർത്തല: സമൂഹവിവാഹത്തിൽ വിവാഹിതരാകുന്നവർക്ക് താലിമാലയും രണ്ടു ലക്ഷം രൂപയും വാഗ്ദാനം നൽകി പറ്റിച്ചെന്ന് പരാതി. ചേർത്തലയിലാണ് സംഭവം.
ചേർത്തല വാരനാട് അഖിലാജ്ഞലി ഓഡിറ്റോറിയത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ചേർത്തല കേന്ദ്രമായി പ്രവർത്തിക്കുന്ന സൽസ്നേഹഭവൻ സൊസൈറ്റിയായിരുന്നു സംഘാടകർ.
ഇതര ജില്ലയിൽ നിന്നുള്ളവരെയാണ് ദമ്പതികളായി തിരഞ്ഞെടുത്തത്. ഇടുക്കി മുതുകാൻ മന്നൻ സമുദായത്തിൽ നിന്ന് മാത്രം 22 ദമ്പതികൾ ഉണ്ടായിരുന്നു.
താലിമാലയും രണ്ടു ലക്ഷം രൂപയും നൽകാമെന്ന് പറഞ്ഞായിരുന്നു സംഘാടകർ വിവാഹ വാഗ്ദാനം ചെയ്തതെന്ന് സമുദായ നേതാവ് തങ്കൻ മാധ്യമങ്ങളോട് പറഞ്ഞു. വിവാഹത്തിനെത്തിയപ്പോഴാണ് താലിയും, വധൂവരന്മാർക്കുള്ള വസ്ത്രങ്ങളും മാത്രമെ സംഘാടകർ നൽകു എന്നറിഞ്ഞത്. ഇതേ തുടർന്ന് ചേർത്തല പൊലീസിൽ 22 വധുവരന്മാർ സംഘാടകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
സമൂഹവിവാഹത്തിന്റെ നടത്തിപ്പുകാർ നൽകിയ വാഗ്ദാനം പാലിച്ചില്ലെന്ന് ആരോപിച്ച് 27 പേർ വിവാഹത്തിൽ നിന്നും പിന്മാറി. 35 പേരുടെ വിവാഹത്തില്‍ നിന്നാണ് വധൂവരൻമ്മാരടക്കം 27 പേര്‍ പിൻവലിഞ്ഞത്. പിന്നീട്തർക്കങ്ങളും ബഹളവും ഉണ്ടായതോടെ പോലീസിന്റെ സാന്നിധ്യത്തിൽ എട്ട് ദമ്പതികളുടെ വിവാഹം നടത്തി സംഘാടകർ തടിയൂരി.
സംഘാടനയുടെ രക്ഷാധികാരി ഡോ ബിജു കൈപ്പാറേഡൻ, പ്രസിഡന്‍റ് എ ആർ ബാബു, മറ്റ് ഭാരവാഹികളായ കെ അനിരുദ്ധൻ, സനിതസജി, അപർണ്ണ ഷൈൻകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമൂഹ വിവാഹം സംഘടിപ്പിച്ചത്
അഖിലാഞ്ജലി ഓഡിറ്റോറിയത്തിൽ ചേർത്തല എസ് ഐ യുടെ നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും ഒത്തു തീർപ്പായില്ല. ഇതേ തുടർന്ന് വിവാഹത്തിന് മുമ്പ് ആദിവാസി നേതാക്കളും പ്രവർത്തകരും വേദിയിൽ കയറി മുദ്രാവാക്യം വിളിച്ചു. ചേർത്തല എ എസ് പി യുടെ അഭാവത്തിൽ ആലപ്പുഴ ഡിവൈ എസ് പി മധു ബാബുന്റെ നേതൃത്വത്തിൽകൂടുതൽ പൊലീസെത്തി വേദിയിൽ കയറിയവരെ താഴെയിറക്കുകയായിരുന്നു.
സ്ഥിതി ശാന്തമാക്കി മറ്റുള്ള എട്ട് ദമ്പതിമാരുടെ വിവാഹം നടത്തുകയായിരുന്നു. ആദിവാസി വധൂവരൻമാരെ പ്രതിനിധികരിച്ച് 65 ഓളം പേർ ഇടുക്കിയിൽ നിന്ന് രണ്ട് വാഹനങ്ങളിൽവന്നിരുന്നു.
ഇവർ വന്ന വാഹനങ്ങളുടെ ചാർജ് പോലും സംഘാടകർ നൽകിയില്ലെന്ന് ആരോപിച്ച് ഓഡിറ്റോറിയം പരിസരത്തും, തുടർന്ന് ചേർത്തല പൊലീസ് സ്റ്റേഷനിലും പ്രതിഷേധം നടത്തിയ ശേഷമാണ് ആദിവാസികൾ മടങ്ങിയത്. സംഘാടകർക്കെതിരെ മാന-ധന നഷ്ടത്തിന് കേസ് കൊടുക്കുമെന്ന് സമുദായ നേതാക്കൾ പറഞ്ഞു.