ഐപിഎൽ താരലേലത്തിൽ പതിമൂന്നുകാരൻ സ്വന്തമാക്കിയത് അവിശ്വസനീയനേട്ടം. സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന മെഗാ ലേലത്തിൽ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ ബീഹാർ സ്വദേശി വൈഭവ് സൂര്യവൻഷിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ക്രിക്കറ്റ് ആരാധകർക്കിടയിൽ വൻ ചർച്ചയായിരിക്കുകയാണ് ഈ നേട്ടം. ഒരു ഐപിഎൽ ടീമിൻ്റെ ഭാഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ്. 13 വർഷവും 243 ദിവസവുമാണ് വൈഭവിന്റെ പ്രായം.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയ അഫ്ഗാനിസ്ഥാൻ താരം ഗസൻഫറിൻ്റെ റെക്കോർഡാണ് വൈഭവ് തകർത്തെറിഞ്ഞത്. 1.1 കോടി രൂപയ്ക്കാണ് ബീഹാർ സ്വദേശി വൈഭവ് രാജസ്ഥാൻ റോയൽസിൻ്റെ ഭാഗമാകുന്നത്. ഡൽഹി ക്യാപിറ്റലും വൈഭവ്നായി രംഗത്തുണ്ടായിരുന്നു. വാശിയേറിയ ലേലത്തിന് ഒടുവിലാണ് രാഹുൽ ദ്രാവിഡ് പരിശീലിപ്പിക്കുന്ന രാജസ്ഥാൻ വൈഭവിനെ സ്വന്തമാക്കിയത്.
വൈഭവ് വാർത്തകളിൽ ഇടം നേടുന്നത് ഇതാദ്യമല്ല. രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാൻ (13 വർഷം, 288 ദിവസം) എന്ന നേട്ടവും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ചെന്നൈയിൽ ഓസ്‌ട്രേലിയ അണ്ടർ 19 ടീമിനെതിരായ യൂത്ത് ടെസ്റ്റിൽ 62 പന്തിൽ 104 റൺസടിച്ചാണ് വൈഭവ് ഈ നേട്ടം കൈവരിച്ചത്. ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുൽ ഹൊസൈൻ ഷാൻ്റോയുടെ 14 വർഷവും 241 ദിവസവും എന്ന റെക്കോർഡാണ് വൈഭവ് അന്ന് തകർത്തത്.
അതേസമയം ഒരു വിഭാഗം ആളുകൾ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. വൈഭവിൻ്റെ യഥാർത്ഥ പ്രായം 15 ആണെന്നാണ് വിമർശകരുടെ അവകാശവാദം. എന്നാൽ ഇതിനെതിരെ പിതാവ് സഞ്ജീവ് സൂര്യവൻഷി രംഗത്തെത്തി.
എട്ടര വയസുള്ളപ്പോഴാണ് വൈഭവ് ആദ്യമായി ബിസിസിഐയുടെ പ്രായപരിശോധനയിൽ പങ്കെടുത്തതെന്നും ഇപ്പോൾ അണ്ടർ 19 ടീമിൽ വരെയെത്തി. ആരോപണങ്ങളെ ഭയക്കുന്നില്ല. കുറ്റപ്പെടുത്തുന്നവർക്ക് ആർക്ക് വേണമെങ്കിലും പ്രായം പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.