“നവാസേ… എന്തു പോക്കാടാ ഇത്?”സഹിക്കാൻ പറ്റുന്നില്ല, വിശ്വസിക്കാൻ പറ്റുന്നില്ല…
കൊച്ചി: നടൻ കലാഭവൻ നവാസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടി സീമ ജി നായർ. ധ്യാൻ ശ്രീനിവാസൻ നായകനായെത്തിയ ഡിറ്റക്ടീവ് ഉജ്വലനിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. “ലാസ്റ്റ് ഡിറ്റക്ടീവ് ഉജ്വലനിൽ ഒരുമിച്ചു അഭിനയിച്ചു. എത്ര വർഷമായി പരിചയമുള്ള നവാസ്, ഉയ്യോ ഓർക്കാൻ പറ്റുന്നില്ല, സഹിക്കാൻ പറ്റുന്നില്ല, വിശ്വസിക്കാൻ പറ്റുന്നില്ല” എന്നാണ് സീമ ജി നായർ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
നടനും സംവിധായകനുമായ നാദിർഷയും ദു:ഖം പങ്കുവച്ചിട്ടുണ്ട്. “നവാസേ… എന്തു പോക്കാടാ ഇത്?”- എന്നാണ് നാദിർഷ കുറിച്ചിരിക്കുന്നത്. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് നവാസിന്റെ മരണം. രാവിലെ എട്ടരയോടെ കളമശ്ശേരി മെഡിക്കൽ കോളജിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും.
അതേസമയം നവാസിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിരിക്കുകയാണ് ചോറ്റാനിക്കര പോലീസ്. ‘പ്രകമ്പനം’ എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ചാണ് കലാഭവൻനവാസിനെ ബോധരഹിതനായ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ചോറ്റാനിക്കര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഷൂട്ടിംഗ് കഴിഞ്ഞ് മുറിയിൽ വിശ്രമിക്കുന്നതിനിടെ രാത്രി 8:45-ഓടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രാവിലെ 8:30-ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി 10 മണിയോടെ പോസ്റ്റ്‌മോർട്ടം നടത്തുമെന്നാണ് വിവം.
സിനിമാ നടൻ അബൂബക്കറിന്റെ മകനാണ് നവാസ്. ഭാര്യ റെഹ്നയും സിനിമാ താരമാണ്. ‘മറിമായം’ എന്ന ടെലിവിഷൻ പരിപാടിയിലെ കോയ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നിയാസ് ബക്കർ സഹോദരനാണ്.
ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമായി വരുന്നതിനിടെയാണ് നവാസിന്റെ അപ്രതീക്ഷിത വിയോഗം. ഇന്നും നാളെയും ഷൂട്ടിംഗ് ഇല്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം.
കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെയാണ് നവാസ് കലാരംഗത്ത് സജീവമായത്. 1995-ൽ ‘ചൈതന്യം’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ‘മിസ്റ്റർ ആൻഡ് മിസ്സിസ്’, ‘മിമിക്സ് ആക്ഷൻ 500’, ‘ഏഴരക്കൂട്ടം’, ‘ജൂനിയർ മാൻഡ്രേക്ക്’, ‘ഹിറ്റ്ലർ ബ്രദേഴ്സ്’, ‘ബസ് കണ്ടക്ടർ’, ‘കിടിലോൽ കിടിലം’, ‘മായാജാലം’, ‘മീനാക്ഷി കല്യാണം’, ‘മാട്ടുപ്പെട്ടിമച്ചാൻ’, ‘അമ്മ അമ്മായിയമ്മ’, ‘മൈ ഡിയർ കരടി’, ‘ചന്ദാമാമ’, ‘വൺമാൻ ഷോ’, ‘തില്ലാന തില്ലാന’, ‘വെട്ടം’, ‘ചക്കരമുത്ത്’, ‘ചട്ടമ്പിനാട്’, ‘തത്സമയം ഒരു പെൺകുട്ടി’, ‘മൈലാഞ്ചി മൊഞ്ചുള്ള വീട്’, ‘മേരാനാം ഷാജി’ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
മൃതദേഹം ഇന്ന് വൈകുന്നേരം 4:00 മുതൽ 5:30 വരെ ആലുവ ടൗൺ ജുമാമസ്ജിദിൽ പൊതുദർശനത്തിന് വെക്കും.
നടൻ കലാഭവൻ നവാസ് അന്തരിച്ചു
കൊച്ചി: നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് വിവരം. മൃതദേഹം ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ചോറ്റാനിക്കരയിൽ എത്തിയതായിരുന്നു അദ്ദേഹം.
മിമിക്രിയിലൂടെ കലാരംഗത്തെത്തിയ നവാസ് കലാഭവനിലൂടെയാണ് പ്രശസ്തനായത്. തുടർന്ന് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു.
1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
ചലച്ചിത്രതാരമായിരുന്ന രഹനയാണ് നവാസിന്റെ ഭാര്യ. നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറാണ് പിതാവ്. നവാസിന്റെ സഹോദരൻ നിയാസ് ബക്കർ അറിയപ്പെടുന്ന ടെലിവിഷൻ, ചലച്ചിത്ര താരമാണ്
English Summary :
Actress Seema G Nair expresses heartfelt condolences on the passing of Kalabhavan Navas, recalling their collaboration in the film “Detective Ujwal.” She shared an emotional note on Facebook, stating it’s hard to believe or accept his loss.









