എസ്ബിഐ ലൈഫ് ഇൻഷ്വറൻസ് കമ്പനി അന്‍പത്തിയാറ് ലക്ഷത്തി ഇരുപതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധി.SBI Life Insurance Company shall pay a compensation of Rs.Fifty Six Lakhs and Twenty Thousand
വടശ്ശേരിക്കര കുമരംപേരൂർ തെക്കേക്കരയിൽ എ റ്റി ലീലകുട്ടി നല്‍കിയ ഹർജിയിലാണ് കമ്മീഷന്റെ വിധി. എസ്ബിഐ ലൈഫ് ഇൻഷ്വറൻസ് കമ്പനി കേരള റീജനൽ സെന്റര്‍ തിരുവനന്തപുരം എതിർകക്ഷിയായി കമ്മീഷനിൽ കേസ്സ് ഫയൽ ചെയ്‌തിരുന്നു.
തിരുവനന്തപുരം ടെക്നോപാർക്കിലെ ആർക്കിടെക് ഉദ്യോഗസ്ഥനായ ലീലകുട്ടിയുടെ മകൻ ലിന്റോ എൻ വർഗീസ് 56,75,523 രൂപ ഹൗസിംഗ് ലോണായി എസ്ബിഐ ടെക്നോപാർക്ക് ശാഖയിൽ നിന്നും എടുത്തിരുന്നു.
2019 ഡിസംബര്‍ 12 മുതൽ 2039 ഡിസംബര്‍ 21 വരെ ഈ ലോണിന് ഇൻഷ്വറൻസ് പരിരക്ഷ ഉണ്ട്. ഇൻഷ്വറൻസ് പരിരക്ഷ കിട്ടുന്നതിലേക്കായി 1,15,523 രൂപ പ്രീമിയമായി എസ്ബിഐ ലൈഫ് ഇൻഷ്വറൻസ് കമ്പനിക്ക് ലിന്റോ അടക്കുകയും ചെയ്തിരുന്നു.
എന്നാൽ ലിന്റോ 2020 സെപ്റ്റംബര്‍ 20ന് എറണാകുളം അമൃതാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടില്‍ വച്ച് ഹൃദായാഘാതം കാരണം മരണപ്പെടുകയുണ്ടായി. 35-ാം വയസ്സിലാണ് ലിന്റോ മരണപ്പെട്ടത്.
വിവാഹിതനല്ലാത്തതിനാല്‍ അനന്തരവകാശിയായ അമ്മയാണ് കമ്മീഷനിൽ ഹർജി ഫയൽ ചെയ്‌തത്. നിയമപ്രകാരം ലോൺ എടുത്ത വ്യക്തി മരിച്ചുപോയാൽ അടച്ച തുകയുടെ ബാക്കി ഇൻഷ്വറൻസ് കമ്പനി ബാങ്കിൽ അടക്കേണ്ടതാണ്.
എന്നാൽ മരിച്ച ആളിന്റെ അമ്മയെ ബാങ്കുകാർ ഭീക്ഷണിപ്പെടുത്തി 55,60,000 രൂപയും ബാങ്കിൽ അടപ്പിക്കുകയാണ് ചെയ്‌തത്. ഹർജി ഫയലിൽ സ്വീകരിച്ചതിനു ശേഷം കമ്മീഷൻ ഇരുകൂട്ടർക്കും ഹാജരാകാൻ നോട്ടീസ് അയക്കുകയും ഇരുകക്ഷികളും അഭിഭാഷകർ മുഖാന്തരം കമ്മീഷനിൽ ഹാജരാകുകയും ചെയ്തു.
എതിർകക്ഷിയുടെ അഭിഭാഷകൻ കമ്മീഷനിൽ ബോധിപ്പിച്ചത് ലോണിന് ഇൻഷ്വറൻസ് കവറേജ് എടുക്കുന്ന സമയത്ത് പൂരിപ്പിച്ചു കൊടുക്കുന്ന പ്രൊപ്പോസൽ ഫോമിൽ രോഗ വിവരം ഒന്നും തന്നെ കാണിച്ചിരുന്നില്ലെന്നും മരിച്ച ലിന്റോ വർഗ്ഗീസിന് ഗുരുതരമായ ഡയബറ്റിക്സിന്റെ അസുഖം ഉണ്ടായിരുന്നു എന്നുമാണ്. രോഗവിവരം മറച്ചുവെച്ചാണ് ഇൻഷ്വറൻസ് എടുത്തത് എന്നും ആരോപിച്ചു.
കമ്മീഷൻ ആവശ്യമായ രേഖകൾ പരിശോധിക്കുകയും ഹർജികാരിയുടേയും എതിർകക്ഷിയുടേയും മൊഴി എടുക്കുകയും ചെയ്തു. ലിന്റോ മരിച്ചത് ഒരാഴ്ചയായി തുടർന്നുവന്ന ശ്വാസതടസ്സത്തിന്റേയും തുടർന്ന് ഹൃദയാഘാതത്തിന്റേയും ഭാഗമായിട്ടാണ് എന്ന് കമ്മീഷന് ബോദ്ധ്യപ്പെടുകയുണ്ടായി എന്നാല്‍ ആരോപിച്ച തരത്തില്‍ നേരത്തെ തന്നെ ഗുരുതരമായ ഡയബറ്റിക്സിന്റെ അസുഖം ഉണ്ടായിരുന്നതായി കമ്മീഷനെ ബോദ്ധ്യപ്പെടുത്താൻ എതിർകക്ഷിക്കു കഴിഞ്ഞിരുന്നുമില്ല.
അതിന്റെ അടിസ്ഥാനത്തിൽ ഹർജികക്ഷിക്ക് ലഭിക്കാനുള്ള നിയമ പ്രകാരമുളള തുകയായ 55,60,000 രൂപയും 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചിലവും ചേർന്ന് 56,20,000 രൂപ ലീലക്കുട്ടിക്ക് നൽകാൻ കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്ന് വിധി പ്രസ്‌താവിക്കുകയായിരുന്നു.