അറസ്റ്റിലായ വിശ്വഹിന്ദു പ്രവർത്തകർ ജാമ്യത്തിലിറങ്ങിയാലുടൻ ക്രിസ്തുമസ് കേക്കുമായി ഇവർ ക്രൈസ്തഭവനങ്ങളിൽ എത്തുമെന്നും ഒരുവശത്ത് ക്രൈസ്തവരെ ആക്രമിക്കുകയും പിന്നീട് നാണമില്ലാതെ ക്രൈസ്തവ വോട്ട് തട്ടാൻ കപട നാടകം കളിക്കുകയുമാണ് ബിജെപി ചെയ്യുന്നതെന്നും സന്ദീപ് വാര്യർ. Sandeep Warrier says they are playing a hypocritical game to win Christian votes
വിശ്വഹിന്ദു പരിഷത്ത് സംഘപരിവാർ സംഘടനയാണെന്നും സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നല്ലേപ്പിള്ളി ഗവ. യുപി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം വിശ്വഹിന്ദു പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂളിലെ ക്രിസ്തുമസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാരെ പാലക്കാട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാമ്യം കിട്ടിയിറങ്ങിയാലുടൻ ക്രിസ്തുമസ് കേക്കുമായി ഇവർ ക്രൈസ്തഭവനങ്ങളിൽ എത്തുന്നതാണ്. – ആദ്യ പോസ്റ്റിൽ സന്ദീപ് വാര്യർ പറയുന്നു.
പാലക്കാട് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാർ സംഘടന തന്നെയാണ്. ഈ നേരം വരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് ഈ അതിക്രമത്തെ തള്ളിപ്പറഞ്ഞിട്ടില്ല. അതായത് മൗനം സമ്മതമാണ്. ഒരുവശത്ത് ക്രൈസ്തവരെ ആക്രമിക്കുക , അവരുടെ ആഘോഷങ്ങളെ തടയുക, അവരുടെ വിശ്വാസങ്ങളെ അവമതിക്കുക. എന്നിട്ട് നാണമില്ലാതെ ക്രൈസ്തവ വോട്ട് തട്ടാൻ കപട നാടകം കളിക്കുക. ഇതാണ് ബിജെപി. – സന്ദീപ് വാര്യരുടെ രണ്ടാമത്തെ കുറിപ്പ് ഇങ്ങനെയായിരുന്നു.