മുംബൈ: കളിക്കൂട്ടുകാരായിരുന്നു സച്ചിനും കാംബ്ലിയും. കരിയറിന്റെ തുടക്കകാലത്ത് സച്ചിനേക്കാൾ കേമനെന്ന് ലോകം തന്നെ വാഴ്ത്തിയ ക്രിക്കറ്ററായിരുന്നു വിനോദ് കാംബ്ലി.
പിന്നീട് സച്ചിൻ ടെണ്ടുൽക്കർ അന്താരാഷ്ട ക്രിക്കറ്റിൽ റെക്കോഡുകൾ ഓരോന്നും സ്വന്തം പേരിലാക്കുമ്പോൾ, കാംബ്ലി മികച്ച അരങ്ങേറ്റം ലഭിച്ചിട്ടും ക്രിക്കറ്റിൻറെ വെള്ളിവെളിച്ചത്തിൽനിന്ന് പതിയെ ഓർമയിലേക്ക് പോകുകയായിരുന്നു.
ഇന്ത്യക്കായി 17 ടെസ്റ്റ് മത്സരങ്ങളിലും 104 ഏകദിന മത്സരങ്ങളിലും കാംബ്ലി കളിച്ചിട്ടുണ്ട്. ഇതിനിടെ സാമ്പത്തിക പ്രയാസങ്ങളും ആരോഗ്യ പ്രശ്നങ്ങളും കാംബ്ലിയെ കൂടുതൽ അവശനാക്കിയെന്ന വാർത്തകളും പുറത്തുവന്നു.
ക്രിക്കറ്റിലെ ഏറ്റവും മികച്ച കോംബോയായിരുന്നു ഇരുവരും. സ്‌കൂൾ ക്രിക്കറ്റിൽ 664 റൺസിൻറെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തിയ ഇരുവരുടെയും റെക്കോർഡ് ഇനിയും ആർക്കും മറികടക്കാനായിട്ടില്ല.
ഹാരിസ് ഷീൽഡ് കപ്പ് സെമിഫൈനലിൽ ശാരദാശ്രമം വിദ്യാമന്ദിർ സ്‌കൂളിനു വേണ്ടിയാണ് ഇരുവരും പുറത്താകാതെ ട്രിപ്പിൾ സെഞ്ച്വറി നേടിയത്. കാംബ്ലി 349 റൺസെടുത്തപ്പോൾ സച്ചിൻ 326 റൺസെടുത്തു. അന്ന് സച്ചിന് 14 വയസ്സും കാംബ്ലിക്ക് വയസ് പതിനാറുമായിരുന്നു.
മോശം ഫോമിനെ തുടർന്ന് ക്രിക്കറ്റിൽനിന്ന് കളമൊഴിഞ്ഞ കാംബ്ലി വലിയ സാമ്പത്തിക പ്രയാസത്തിലായിരുന്നു. ബി.സി.സി.ഐ നൽകുന്ന പെൻഷൻ കൊണ്ടുമാത്രമാണ് താനും കുടുംബവും കഴിയുന്നതെന്ന് വർഷങ്ങൾക്കു മുമ്പ് താരം വെളിപ്പെടുത്തിയിരുന്നു.
ചൊവ്വാഴ്ച ബാല്യകാല സുഹൃത്തുക്കൾ വീണ്ടും കട്ടുമുട്ടി, ഏറെ വൈകാരികമായിരുന്നു കൂടിക്കാഴ്ച. ക്രിക്കറ്റിലേക്ക് കൈപിടിച്ചുയർത്തിയ പരിശീലകൻ രമാകാന്ത് അചരേക്കറുടെ പേരിലുള്ള സ്മാരക അനാച്ഛാദന ചടങ്ങിലാണ് സച്ചിനും കാംബ്ലിയും വീണ്ടും കണ്ടുമുട്ടിയത്.
അവശനായ കാംബ്ലി സച്ചിന് കൈകൊടുക്കുന്നതിൻറെയും സൗഹൃദം പങ്കിടുന്നതിൻറെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൂടാതെ, കാംബ്ലിയുടെ പാട്ടിന് വേദിയിലിരുന്ന് കൈയടിക്കുന്ന സചിൻറെ വിഡിയോയും വൈറലാണ്.
പഴയ ബോളിവുഡ് സിനിമയിലെ ‘സർ ജോ തെരാ ചകരായെ യാ ദിൽ’ എന്ന പാട്ടാണ് കാംബ്ലി പാടുന്നത്. പാട്ടിനൊടുവിലാണ് ബാല്യകാല സുഹൃത്ത് കൈയടിക്കുന്നത്. ‘സ്നേഹം അചരേക്കർ’ എന്നു പറഞ്ഞാണ് കാംബ്ലി അവസാനിപ്പിക്കുന്നത്.