റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ ജയിലിൽ നിന്ന് കാണാതായതായി അദ്ദേഹത്തിന്റെ അനുയായികൾ. മോസ്കോയിൽ നിന്ന് 150 മൈൽ കിഴക്കുള്ള ഒരു പീനൽ കോളനിയിൽ തടവിലാക്കപ്പെട്ടതായി കരുതപ്പെടുന്ന ജയിലിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷ നേതാവുമായി തങ്ങൾക്ക് ബന്ധം നഷ്ടപ്പെട്ടതായും അദ്ദേഹം എവിടെയാണെന്ന് അജ്ഞാതമാണെന്നും അലക്സി നവൽനിയുടെ അഭിഭാഷകർ പറഞ്ഞു. നവൽനി തിങ്കളാഴ്ച ഒരു വീഡിയോ ലിങ്ക് വഴി കോടതിയിൽ ഹാജരാകേണ്ടതായിരുന്നു. എന്നാൽ, ജയിലിൽ വൈദ്യുതി തകരാർ മൂലം ഹിയറിംഗിന് ഹാജരാകാൻ സാധിക്കുന്നില്ലെന്ന് ജയിൽ അധികൃതർ നവൽനിയുടെ സംഘത്തെ അറിയിക്കുകയായിരുന്നു. 2024 മാർച്ചിൽ റഷ്യയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പുടിൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നവൽനിയുടെ തിരോധാനം.
തീവ്രവാദ സമൂഹം സൃഷ്ടിച്ചതിനും തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം നൽകിയതിനും മറ്റ് നിരവധി കുറ്റകൃത്യങ്ങൾക്കും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നവൽനിയെ ഓഗസ്റ്റിൽ ആണ് 19 വർഷത്തെ തടവിന് ശിക്ഷിച്ചത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെയുള്ള അദ്ദേഹത്തിന്റെ വിമർശനം തടയാനുള്ള രാഷ്ട്രീയ പ്രേരിത ശ്രമമാണ് അദ്ദേഹത്തിന്റെ അറസ്റ്റും തടവിലാക്കലുമെന്ന് നവൽനിയെ പിന്തുണയ്ക്കുന്നവർ അവകാശപ്പെടുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന നവൽനി ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന രണ്ട് ശിക്ഷാ കോളനികളിലേക്ക് പ്രവേശനം നേടാൻ അഭിഭാഷകർ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് വക്താവ് കിര യർമിഷ് തിങ്കളാഴ്ച എക്‌സിൽ പറഞ്ഞു. മോസ്‌കോയുടെ കിഴക്കുള്ള ഐകെ-6 പീനൽ കോളനിയിലാണ് നവൽനിയെ അവസാനമായി തടവിലാക്കിയത്.
നവാൽനിയുടെ തിരോധാനം സംബന്ധിച്ച റിപ്പോർട്ടുകളിൽ തങ്ങൾ അതീവ ഉത്കണ്ഠാകുലരാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. “അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണം. അദ്ദേഹത്തേ ജയിലിലടയ്ക്കാൻ പാടില്ലായിരുന്നു, മോസ്കോയിലെ ഞങ്ങളുടെ എംബസിയുമായി ചേർന്ന് കൂടുതൽ കാര്യങ്ങൾ കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുകയാണ്. ” യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.