ദില്ലി: ആശമാർക്കുള്ള ധനസഹായം ഉയർത്തണമെന്ന് പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി. ആശമാർ താഴേതട്ടിൽ നടത്തുന്നത് നിർണ്ണായക സേവനമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രആരോഗ്യമന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ഈ ശുപാർശ നൽകിയത്. 5000 മുതൽ 9000 വരെയാണ് ആശ വർക്കർക്ക് നിലവിൽ കിട്ടുന്ന ധനസഹായം. ഇത് രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയില്ലെന്ന് പാർലമെൻ്റി കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.
ആശമാരുടെ അടിസ്ഥാന ആവശ്യങ്ങൾക്കും ആരോഗ്യപരിപാലനത്തിനും ഇപ്പോൾ കിട്ടുന്ന ധനസഹായം തികയുന്നില്ല. ആരോഗ്യ ഗവേഷണ രംഗത്തും ആശമാരെ പ്രയോജനപ്പെടുത്തണമെന്നും കമ്മിറ്റി പറഞ്ഞു.
ഇതിന് അധിക ധനസഹായം ഗവേഷണ ഫണ്ടിൽ നിന്ന് നൽകണമെന്നും കമ്മിറ്റി ശുപാർശ ചെയ്യുന്നുണ്ട്. രാം ഗോപാൽ യാദവ് അധ്യക്ഷനായ കമ്മിറ്റിയുടേതാണ് ഈ ശുപാർശ. കേരളത്തിന് എയിംസ് അനുവദിക്കണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
കേരളത്തിൽപ്രതിഷേധ പൊങ്കാല ഇട്ട് സമരം ശക്തമാക്കുകയാണ് ആശ വർക്കർമാർ. കേന്ദ്ര ധനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയിൽ ആശാമാരുടെ പ്രശ്നം വരാത്തതിൻ്റെ നിരാശയിലും അതൃപ്തിയിലുമാണ് ആശമാർ
ഫണ്ട് അനുവദിച്ചതിനെ ചൊല്ലി കേന്ദ്രവും കേരളവും തമ്മിലെ തർക്കം ഉടൻ തീർത്ത് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് ആശാമാരുടെ ഇപ്പോഴത്തെ ആവശ്യം. തിങ്കളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച് സമരം കടുപ്പിക്കാനാണ് ആശമാരുടെ പുതിയ നീക്കം.
–