സ്വന്തമായി ബസ് ഇല്ലാത്ത ആളിന്, ട്രിപ്പ് മുടക്കിയതിന്റെ പിഴ അടയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ്. പാടിമണ്‍ പടപ്പനം പൊയ്കയില്‍ പി.ജി.പദ്മകുമാറിനാണ് ബസിന്റെ ട്രിപ്പ് മുടക്കിയതിന്റെ പേരിൽ 7,500 രൂപ ഉടന്‍ അടയ്ക്കാന്‍ നിര്‍ദ്ദേശിച്ച് മല്ലപ്പള്ളി ജോയിന്റ് ആര്‍.ടി. ഓഫീസിൽ നിന്നും ഇ-ചെല്ലാന്‍ ലഭിച്ചത്. Rs 7,500 fine for missing a trip; e-challan issued to man who doesn’t own bus
കെ.എല്‍.-38 ഡി 8735 രജിസ്‌ട്രേഷനിലുള്ള ‘തൈപ്പറമ്പില്‍’ ബസ് ടൈം ഷെഡ്യൂള്‍ പ്രകാരം 12.10-ന് മല്ലപ്പള്ളിയില്‍ നിന്ന് പുറപ്പെട്ട് 12.30-ന് കറുകച്ചാലില്‍ എത്തേണ്ടിയിരുന്നതായിരുന്നു. എന്നാൽ, മതിയായ കാരണം കൂടാതെ സര്‍വീസ് മുടക്കി. ആനിക്കാട് റോഡരികില്‍ യന്ത്രത്തകരാറുകള്‍ ഇല്ലാതെ നിര്‍ത്തിയിട്ടിരിക്കുന്നതായി കാണപ്പെട്ടു എന്നതാണ് പിഴ ചുമത്തുവാന്‍ കാരണമായ കുറ്റമായി പറയുന്നത്.
സ്വന്തമായി പിക്കപ്പ് വാഹനം മാത്രമുള്ള പദ്മകുമാര്‍, പണമടയ്ക്കാന്‍ നോട്ടീസ് കിട്ടിയതോടെ അങ്കലാപ്പിലായി. നവംബര്‍ 26-ന് രാവിലെ 10.22-ന് ബസ് നിര്‍ത്തിയിട്ടതായാണ് മല്ലപ്പള്ളി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
വാഹനങ്ങളുടെ നോട്ടീസ് അയക്കുന്നത് രജിസ്ട്രേഷന്‍ നമ്പര്‍ അടിസ്ഥാനമാക്കിയാണെന്നും അത് രേഖപ്പെടുത്തുമ്പോള്‍ ഏതെങ്കിലും അക്കമോ അക്ഷരമോ തെറ്റിയാല്‍ ഉടമയുടെ വിലാസം മാറിയേക്കാമെന്നുമാണ് ജോയിന്റ് ആര്‍.ടി.ഒ. പറയുന്നത്.