ചൊവ്വയിൽ സമാന്തര ലോകം എന്ന സങ്കല്പത്തിനായി മനുഷ്യൻ ആഗ്രഹിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. അതിനു ഏറ്റവും വലിയ വിലങ്ങുതടിയാണ് അവിടെ ഓക്സിജൻ ഇല്ല എന്നത്. ഇതിന് പരിഹാരം തേടുന്ന ശാസ്ത്രജ്ഞർക്കു മുന്നിൽ പുതിയൊരു ലോകം തുറക്കുകയാണ് AI എന്ന നിർമിതബുദ്ധി. ചൈനയിലെ ഗവേഷകർ വികസിപ്പിച്ച, നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ‘രസതന്ത്ര വിദഗ്ധനായ’ റൊബോട്ട് ആണ് ഈ രംഗത്ത് വിപ്ലവം തീർക്കാനൊരുങ്ങുന്നത്. ചൊവ്വയിലെ ജലത്തിൽനിന്ന് ഓക്സിജൻ വേർതിരിച്ചെടുക്കുന്നതിൽ ഇവ വിജയം കണ്ടതായി റിപ്പോർട്ടുകൾ പറയുന്നു. ചൈനയിലെ ഹെഫെയിലുള്ള സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് വിപ്ലവകരമായ ഗവേഷണത്തിന് പിന്നിൽ.
ചൊവ്വയിൽ ഉള്ള ഉൽക്കാശിലകളിൽ നിന്ന് ഓക്സിജൻ ഉൽപാദിപ്പിക്കുന്ന സംയുക്തങ്ങളെ നിർമ്മിത ബുദ്ധിയിലെ ഈ ‘ശാസ്ത്രജ്ഞൻ’ വേർതിരിച്ചെടുത്തു. ഇരുമ്പ്, നിക്കൽ, മാംഗനീസ്, മഗ്നീഷ്യം, അലുമിനിയം, കാൽസ്യം എന്നിങ്ങനെ പാറകളിൽ കാണപ്പെടുന്ന ആറ് ലോഹ മൂലകങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ദശലക്ഷക്കണക്കിന് തന്മാത്രകളെ ലേസർ സ്കാനിംഗ് സംവിധാനം ഘടിപ്പിച്ച റോബോട്ട് തിരിച്ചറിഞ്ഞു. ആറ് ആഴ്ചകൾക്കുള്ളിൽ 243 വ്യത്യസ്ത തന്മാത്രകളെ വേഗത്തിൽ സമന്വയിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്ത. മനുഷ്യബുദ്ധിക്ക് ചെയ്യാനാകുന്നതിലും വളരെയേറെ മടങ്ങ് വേഗതയിൽ ഇത് ചെയ്ത റോബോട്ട് ചൊവ്വയെപ്പോലെയുള്ള താപനിലയിൽ ജലത്തെ വിഭജിക്കാൻ കഴിവുള്ള, മികച്ച പ്രവർത്തനക്ഷമതയുള്ള ഉൽപ്രേരകം വേർതിരിച്ചെടുത്തു. സമാനമായ പരീക്ഷണം നടത്തുന്നതിന് ഒരു മനുഷ്യ ശാസ്ത്രജ്ഞന് 2,000 വർഷത്തെ സമയപരിധി വേണ്ടിടത്താണ് നിർമ്മിത ബുദ്ധിയുടെ ഈ നേട്ടം.
ഈ മുന്നേറ്റത്തിന് ഭാവിയിലെ ചൊവ്വ ദൗത്യങ്ങൾക്ക്, പ്രത്യേകിച്ച് ഇവിടെനിന്നും വിഭവങ്ങൾ കൊണ്ടുപോകുന്നതിലും ഭൂമിയിൽ നിന്ന് ഓക്സിജൻ കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത കുറയ്ക്കുന്നതിലും ഗണ്യമായ പങ്കുവഹിക്കാൻ കഴിയുമെന്ന് ഗവേഷകർ പറയുന്നു.
Also read: കണ്ണൂരിൽ AI ക്യാമറയിൽ വീണ്ടും അജ്ഞാത സ്ത്രീ ! ഇത്തവണ പ്രത്യക്ഷപ്പെട്ടത് ഇങ്ങനെ: