കോഴിക്കോട്: ഒരു മാസം പിന്നിട്ട ആശമാരുടെ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം മുഖപത്രം ദേശാഭിമാനി. സമര നേതൃത്വം അടിക്കടി ആവശ്യങ്ങൾ മാറ്റുന്നുവെന്നും സമരത്തിൻറെ പൊള്ളത്തരം ഓരോ ദിവസം കഴിയുമ്പോഴും പുറത്തുവരുന്നുവെന്നുമാണ് ദേശാഭിമാനി മുഖപ്രസംഗത്തിൽ പറയുന്നത്.
ഇത്രയും പിന്തിരിപ്പൻ നിലപാട് സ്വീകരിക്കുന്ന ബി.ജെ.പി പ്രതിനിധികളെയാണ് തിരുവനന്തപുരത്ത് ആശമാരുടെ പേരിൽ നടക്കുന്ന സമരത്തിലേക്ക് സ്വീകരിച്ച് ആനയിക്കുന്നതെന്നും പറയുന്നു. കേന്ദ്രത്തിനാണ് ഉത്തരവാദിത്വം എന്നറിയാമായിരുന്നിട്ടും അതെല്ലാം മറച്ചുവച്ച് സംസ്ഥാന സർക്കാറിനെതിരെ നടത്തുന്ന സമരത്തിന്റെ പൊള്ളത്തരം ഓരോ ദിവസം കഴിയുന്തോറും കൂടുതൽ വെളിച്ചത്തുവരുകയാണെന്നും ലേഖനത്തിലുണ്ട്. അടിക്കടി ആവശ്യങ്ങൾ മാറ്റുന്ന സമരനേതൃത്വം ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വം മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നതെന്നും പാർലമെന്റിലെ സംഭവ വികാസങ്ങൾ ഇവരുടെ ശ്രമം പൊളിച്ചടുക്കിയെന്നും പറയുന്നു.
തിരുവനന്തപുരം സമരവേദിയിൽ കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ പിന്തുണയുമായി എത്തിയെങ്കിലും പാർലമെന്റിൽ കേന്ദ്ര നിലപാടിലെ വഞ്ചന തുറന്നുകാണിക്കപ്പെട്ടു. കഠിനമായി പണിയെടുക്കുന്ന ആശമാർക്ക് നീതി ഉറപ്പാക്കുകയാണ് വേണ്ടത്. ഈ ദിശയിൽ ആദ്യം വേണ്ടത് ആശമാരെ സ്ഥിരം തൊഴിലാളികളായി അംഗീകരിക്കുക എന്നതാണെന്നും ലേഖനത്തിലുണ്ട്.
മിനിമം വേതനവും പെൻഷനും ഉറപ്പാക്കാൻ ഈ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണെന്നും ഇടതുപക്ഷത്തെ കരിവാരിത്തേക്കാൻ വഴിയിൽ കിട്ടുന്ന എന്തും എടുത്ത് ഉപയോഗിക്കുന്നവർ ഇത് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും എഴുതിയിട്ടുണ്ട്. കേന്ദ്രനയം തിരുത്താൻ യോജിച്ച സമരത്തിന് എല്ലാവരും തയാറാകണമെന്നും മുഖപ്രസംഗം പറയുന്നു.
ദേശാഭിമാനി മുഖപ്രസംഗത്തിന്റെ പൂർണരൂപം
ആശമാരെ കരകയറ്റാൻ കേന്ദ്രം കള്ളക്കളി നിർത്തണം
പൊതുജനാരോഗ്യ സംരക്ഷണാർഥം ദിവസവും എട്ട് മണിക്കൂറിലേറെ ജോലി ചെയ്യേണ്ടിവരുന്ന ആശമാരുടെ വേതനം ന്യായമായി ഉയർത്തണമെന്നത് ദീർഘകാലമായി നിലനിൽക്കുന്ന ആവശ്യമാണ്. ദേശീയ ആരോഗ്യ ദൗത്യ (എൻഎച്ച്‌എം) ത്തിന്റെ ഭാഗമായ ആശമാരെ തൊഴിലാളികളായി കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല. അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്‌റ്റ് എന്ന പേരിൽ സന്നദ്ധപ്രവർത്തകരായി വിശേഷിപ്പിച്ചാണ് 2005ൽ ഈ സംവിധാനത്തിന് തുടക്കമിട്ടത്. ഒന്നും രണ്ടും യുപിഎ സർക്കാരുകളും 2014 മുതലുള്ള ബിജെപി ഭരണവും ഇവരെ പൂർണമായും അവഗണിച്ചു.
ആശമാർക്ക് പ്രതിമാസം കേന്ദ്രം നൽകുന്ന നിശ്‌ചിത പ്രതിഫലം 2,000 രൂപ മാത്രമാണെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞദിവസം പാർലമെന്റിൽ സമ്മതിച്ചു. സ്വന്തം ഫണ്ടിൽനിന്ന് പ്രതിമാസം 7,000 രൂപ വീതം ആശമാർക്ക് ഓണറേറിയം നൽകുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ കളവ് പറയുന്നവരായി ചിത്രീകരിക്കാനും കേന്ദ്രം ശ്രമിച്ചു. സംസ്ഥാന സർക്കാർ സ്വന്തം ഫണ്ടിൽനിന്ന് 6,000 രൂപയാണ് നൽകുന്നതെന്ന് കേന്ദ്രം കണക്കുവച്ചു.
എൻഎച്ച്‌എം വിഹിതം പൂർണമായി കേരളത്തിനു നൽകിയെന്നും ഒരു പൈസ കുടിശ്ശികയില്ലെന്നും വിശദീകരിച്ച് പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കാനും കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി അധ്യക്ഷനുമായ ജെ പി നഡ്ഡ മുതിർന്നു. 2023–-24 വർഷത്തെ ആശമാരുടെ ഇൻസെന്റീവായ 100 കോടിയടക്കം 636.88 കോടി രൂപ കേന്ദ്രം നൽകാനുള്ളപ്പോഴാണ് ഈ അവകാശവാദം ജെ പി നഡ്ഡ ഉയർത്തിയത്. ധനവിനിയോഗ സർട്ടിഫിക്കറ്റ് നേരത്തെ അയച്ചുകൊടുത്തിട്ടും ‘കോബ്രാൻഡിങ്ങി’ന്റെ പേരിലാണ് കേന്ദ്രവിഹിതം തടഞ്ഞുവച്ചിരിക്കുന്നത്. ഇക്കാര്യം തുറന്നുപറയാതെ പാർലമെന്റിൽ രാഷ്‌ട്രീയക്കളിക്ക് ശ്രമിച്ച മന്ത്രിയുടെ നിലപാടിൽ ഇടതുപക്ഷ അംഗങ്ങൾ പ്രതിഷേധിക്കുകയും ചെയ്‌തു. ആശമാരുടെ വേതനം വർധിപ്പിക്കുമെന്ന് ഒഴുക്കൻ മട്ടിൽ പ്രതികരിച്ച കേന്ദ്രമന്ത്രി സമയബന്ധിതമായ തീരുമാനമൊന്നും ഇക്കാര്യത്തിൽ പ്രഖ്യാപിച്ചില്ല.
കേരളത്തിലും അഖിലേന്ത്യാടിസ്ഥാനത്തിലും ആശമാരുടെ അവകാശസംരക്ഷണത്തിനായി എല്ലാക്കാലത്തും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ളത് ഇടതുപക്ഷമാണ്. ആശ പദ്ധതി നിർത്തിവയ്‌ക്കാൻ 2012ൽ കേന്ദ്രം ശ്രമിച്ചത് തടയാനായത് സിഐടിയു വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ നിരന്തര പ്രക്ഷോഭത്തിന്റെ ഫലമായാണ്. സ്‌കീം വർക്കർമാരുടെ ഉജ്വല രാപകൽ സമരം 2012ൽ സിഐടിയു നേതൃത്വത്തിൽ സംഘടിപ്പിച്ചതിനെ തുടർന്നാണ് 2013ലെ ഇന്ത്യൻ ലേബർ കോൺഫറൻസിൽ ഇവരുടെ പ്രശ്‌നങ്ങൾ അജൻഡയിൽ ഉൾപ്പെടുത്തിയത്. ആശ അടക്കമുള്ള പദ്ധതിത്തൊഴിലാളികൾക്ക് മിനിമം കൂലി, പെൻഷൻ, ഇപിഎഫ്, ഇഎസ്‌ഐ ആനുകൂല്യങ്ങൾ തുടങ്ങിയവ നൽകണമെന്ന ശുപാർശ അന്നത്തെ ലേബർ കോൺഫറൻസ് മുന്നോട്ടുവച്ചു. കേന്ദ്രസർക്കാർ ഇതൊന്നും നടപ്പാക്കിയില്ലെന്നു മാത്രമല്ല, 2015നുശേഷം ഇന്ത്യൻ ലേബർ കോൺഫറൻസ് വിളിച്ചുചേർക്കാൻ തയ്യാറാകുന്നുമില്ല. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ആശമാർക്ക് തുച്ഛമായ പ്രതിഫലമാണ്.
ഇത്രയും പിന്തിരിപ്പൻ നിലപാട് സ്വീകരിക്കുന്ന ബിജെപിയുടെ പ്രതിനിധികളെയാണ് തിരുവനന്തപുരത്ത് ആശമാരുടെ പേരിൽ നടക്കുന്ന സമരത്തിലേക്ക് സ്വീകരിച്ച് ആനയിക്കുന്നത്. കേന്ദ്രത്തിനാണ് ഉത്തരവാദിത്വം എന്നറിയാമായിരുന്നിട്ടും അതെല്ലാം മറച്ചുവച്ച് സംസ്ഥാന സർക്കാരിനെതിരെ നടത്തുന്ന സമരത്തിന്റെ പൊള്ളത്തരം ഓരോദിവസം കഴിയുന്തോറും കൂടുതൽ വെളിച്ചത്തുവരുന്നു. അടിക്കടി ആവശ്യങ്ങൾ മാറ്റുന്ന സമരനേതൃത്വം ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വം മറച്ചുപിടിക്കാനാണ് ശ്രമിച്ചത്. പാർലമെന്റിലെ സംഭവവികാസങ്ങൾ ഇവരുടെ ശ്രമം പൊളിച്ചടുക്കി. തിരുവനന്തപുരം സമരവേദിയിൽ കോൺഗ്രസ്, മുസ്ലിംലീഗ് നേതാക്കൾ പിന്തുണയുമായി എത്തിയെങ്കിലും പാർലമെന്റിൽ കേന്ദ്രനിലപാടിലെ വഞ്ചന തുറന്നുകാട്ടപ്പെട്ടു. കഠിനമായി പണിയെടുക്കുന്ന ആശമാർക്ക് നീതി ഉറപ്പാക്കുകയാണ് വേണ്ടത്. ഈ ദിശയിൽ ആദ്യംവേണ്ടത് ആശമാരെ സ്ഥിരം തൊഴിലാളികളായി അംഗീകരിക്കുക എന്നതാണ്. മിനിമം വേതനവും പെൻഷനും ഉറപ്പാക്കാൻ ഈ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. ഇടതുപക്ഷത്തെ കരിവാരിത്തേക്കാൻ വഴിയിൽ കിട്ടുന്ന എന്തും എടുത്ത് ഉപയോഗിക്കുന്നവർ ഇത് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രനയം തിരുത്താൻ യോജിച്ച സമരത്തിന് എല്ലാവരും തയ്യാറാകണം.