ഉപ്പ്, പഞ്ചസാര തുടങ്ങിയവയുടെ ഇന്ത്യന്‍ ബ്രാന്‍ഡുകളിൽ മൈക്രോപ്ലാസ്റ്റിക്കിന്‍റെ സാന്നിധ്യം കണ്ടെത്തി ഗവേഷകര്‍. ന്യൂ ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോക്സിക് ലിങ്ക് എന്ന എന്‍ജിഒ നടത്തിയ പഠനത്തിലാണ് ഇന്ത്യയിലെ നിരവധി പഞ്ചസാര, ഉപ്പ് ബ്രാൻഡുകളിൽ അടങ്ങിയിരിക്കുന്ന മൈക്രോപ്ലാസ്റ്റികിന്‍റെ (എംപി) അളവ് വളരെ കൂടുതലാണെന്ന് കണ്ടെത്തിയത്. Researchers have found the presence of microplastics in Indian salt and sugar
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പഠന റിപ്പോർട്ട് പുറത്ത് വന്നത്. ഇന്ത്യന്‍ ബ്രാന്‍ഡുകളായ ഉപ്പ്, പഞ്ചസാര എന്നിവയുടെ സാമ്പിളുകളിൽ അടങ്ങിയിരിക്കുന്ന മൈക്രോപ്ലാസ്റ്റിക്സിന്‍റെ തരം, ആകൃതി, വലിപ്പം, നിറങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനത്തിൽ ആണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. എന്നാൽ, ഓർഗാനിക് റോക്ക് ഉപ്പില്‍ ഒരു കിലോഗ്രാമിന് 6.70 കഷണങ്ങൾ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്നും പഠനം അവകാശപ്പെട്ടു.
ഒരു കിലോഗ്രാമിൽ നിന്നും ഏതാണ്ട് 89.15 മൈക്രോപ്ലാസ്റ്റിക്സ് കഷണങ്ങളാണ് കണ്ടെത്തിയത്. ഇവ പ്രധാനായും വിവിധ നിറങ്ങളിലുള്ള നേർത്ത നാരുകളുടെയും ഫിലിമുകളുടെയും രൂപത്തിലാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
ഉപ്പ്, പഞ്ചസാര എന്നിവയുടെ ഇന്ത്യന്‍ ബ്രാന്‍ഡുകളില്‍ നിന്നും നാരുകൾ, ഉരുളകൾ, ഫിലിമുകൾ, ശകലങ്ങൾ തുടങ്ങി മൈക്രോപ്ലാസ്റ്റിക്സിന്‍റെ വിവിധ രൂപങ്ങൾ ഗവേഷണകര്‍ കണ്ടെത്തി. ഇത്തരം മൈക്രോപ്ലാസ്റ്റിക്സിന്‍റെ വലിപ്പം 0.1 മില്ലിമീറ്റർ മുതൽ 5 മില്ലിമീറ്റർ വരെയാണ്. കണ്ടെത്തലുകളിൽ, അയോഡൈസ്ഡ് ഉപ്പില്‍ മൈക്രോപ്ലാസ്റ്റിക്കിന്‍റെ അംശം കൂടുതലാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
അഞ്ച് മില്ലിമീറ്റർ മുതൽ ഒരു മൈക്രോമീറ്റർ വരെ വലിപ്പമുള്ള ചെറിയ പ്ലാസ്റ്റിക് കഷണങ്ങളാണ് മൈക്രോപ്ലാസ്റ്റിക് എന്ന് അറിയപ്പെടുന്നത്. കാലപ്പഴക്കം കൊണ്ടു വലിയ പ്ളാസ്റ്റിക് കഷണങ്ങൾ ദ്രവിച്ച് ചെറിയ കഷണങ്ങളായി വിഘടിക്കുന്നു. ഇത്തരത്തില്‍ വിഘടിക്കുന്ന പ്ലാസ്റ്റിക് കണങ്ങള്‍ വെള്ളത്തിലും മണ്ണിലും വായുവിലും ചേരുന്നു. ഇവ പിന്നീട് പലപ്പോഴായി മഴ മേഘങ്ങളിലും ഭക്ഷ്യവസ്തുക്കളിലേക്കും എത്തുകയാണ് ചെയ്യുന്നത്.
20 മൈക്രോമീറ്ററിൽ താഴെയുള്ള എംഎൻപികൾ അവയവങ്ങളിലേക്ക് തുളച്ചുകയറുമെന്നും 10 മൈക്രോമീറ്ററിൽ താഴെയുള്ളവ തലച്ചോറിലേക്കും പ്ലാസൻ്റയിലേക്കും പ്രവേശിക്കുമെന്നും പഠനങ്ങൾ കാണിക്കുന്നു .