ഹൈദരബാദ്: ഐപിഎൽ പതിനെട്ടാം സീസണിൽ സഞ്ജു സാംസന്‍റെ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങുകയാണ്.
കൈവിരലിനേറ്റ പരിക്ക് പൂർണമായി വിട്ടുമാറാത്തതിനാൽ ബാറ്ററായി മാത്രവും ഹൈദരാബാദിനെതിരെ മികച്ച റെക്കോർഡുള്ള സഞ്ജു കളിക്കുക.
ആരെയും കൊതിപ്പിക്കുന്ന ടോപ് ഓർഡർ ബാറ്റിങ് ലൈനപ്പാണ് സൺറൈസേഴ്സിൻ്റെ കരുത്ത്.
ട്രാവിസ് ഹെഡും അഭിഷേക് ശർമയും ഹെയ്ൻറിച് ക്ലാസനും ഉൾപ്പെട്ട ടോപ്പ് നിരയിലേക്കാണ് മുംബൈ ഇന്ത്യൻസ് വിട്ടെത്തുന്ന ഇഷൻ കിഷന്റെ വരവ്.
കൈവിരലിനേറ്റ പരുക്ക് പൂർണമായും ഭേദമാകാത്ത സഞ്ജു സാംസൺ ഇംപാക്ട് പ്ലെയറാകുന്ന രാജസ്ഥാൻ ടീമിനെ റിയാൻ പരാഗാണ് നയിക്കുക.
സൂര്യശോഭയോടെ സ്വന്തം മൈതാനത്ത് ഉദിച്ചുയരാനാണ് സൺറൈസേഴ്സ് ഹൈദരാബാദ് എത്തുന്നത്. ഹൈദരാബാദിൽ ഉച്ചയ്ക്കുശേഷം മൂന്നരയ്ക്കാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്മയം കാണാനാകും.
രാജസ്ഥാൻ റോയൽസിൽ റിയാൻ പരാഗ് നായകന്‍റെ റോളിലെത്തുമ്പോൾ വിക്കറ്റ് കീപ്പറുടെ ചുമതല ധ്രുവ് ജുറലിനായിരിക്കും. ജോസ് ബട്‌ലറുടെ അഭാവം നികത്താൻ നിതിഷ് റാണയ്ക്ക് കഴിയുമോയെന്നാണ് എന്നാണ് ഏറെ ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്നത്.
ഐപിഎല്ലിലെ ഏറ്റവും പ്രായംകുറഞ്ഞതാരമായി ചരിത്രംകുറിക്കാൻ വൈഭവ് സൂര്യവംശിയും രാജസ്ഥാൻ റോയല്‍സ് നിരയിലുണ്ട്. സഞ്ജു-യശസ്വി ഓപ്പണിംഗ് കൂട്ടുകെട്ടിനൊപ്പം റിയാൻ പരാഗ്, ഹെറ്റ്മെയർ എന്നിവരുടെ കളികളും രാജസ്ഥാന് നിർണായകമാണ്.
ലങ്കൻ സ്പിൻ താരങ്ങളായ വാനിന്ദു ഹസരംഗ, മീഹഷ് തീക്ഷണ എന്നിവർക്കൊപ്പം പന്തെറിയാൻ ജോഫ്ര ആർച്ചറും സന്ദീപ് ശർമ്മയുമുണ്ട്.
രാജസ്ഥാന്‍റെ മധ്യനിരയിലേക്കാവും കോച്ച് രാഹുൽ ദ്രാവിഡും സ്ഥലവും ആശങ്കയോടെ ഉറ്റുനോക്കുക. ഏത് ബൌളിംഗ് നിരയെയും ചാമ്പലാക്കാൻ ശേഷിയുള്ളതാണ് ഹൈദരാബാദിന്‍റെ ടോപ് ഓർഡർ ബാറ്റർമാർ. ട്രാവിസ് ഹെഡും അഭിഷേക് ശർമയും ക്രീസിലുറച്ചാൽ സൺറൈസേഴ്സിന്റെ സ്കോർബോർഡിന് റോക്കറ്റിനേക്കാൾ വേഗമായിരിക്കും.
പിന്നാലെ വരുന്ന ഇഷാൻ കിഷനും, ഹെന്‍റിച് ക്ലാസനും നിതീഷ് കുമാർ റെഡ്ഡിയും നേരിടുന്ന ആദ്യപന്ത് തന്നെ ഗാലറിയിലേക്ക് പറത്താൻ ശേഷിയുളളവരാണ്.
സീസണിൽ ഏകവിദേശ നായകനായ പാറ്റ് കമ്മിൻസിനൊപ്പം മുഹമ്മദ് ഷമി പുതിയ പന്തെറിയുമ്പോൾ രാജസ്ഥാന് പവർപ്ലേ ഏറെ കടുപ്പമായിരിക്കും.
മധ്യഓവറുകളിൽ പന്തെറിയാൻ ഹർഷൽ പട്ടേലും ആദം സാംപയും അഭിഷേക് ശർമ്മയുമുണ്ട്.
കഴിഞ്ഞ വർഷത്തെ ഐപിഎല്‍ ക്വാളിഫയര്‍ മത്സരത്തിലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് എസ്ആര്‍എച്ച് രാജസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.
ഈ പരാജയത്തിന് റോയല്‍സ് കണക്കുതീര്‍ക്കുമോയെന്ന് കാത്തിരുന്ന് കാണണം. റണ്ണൊഴുകുന്ന ഹൈദരാബാദ് സ്‌റ്റേഡിയത്തില്‍ ആവേശകരമായ മത്സരം പ്രതീക്ഷിക്കാം.