തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മറ്റ് 12 ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ വിവിധ ജില്ലകളിൽ കനത്ത മഴയാണ് പെയ്തത്. പലയിടങ്ങളിലും വ്യാപക നാശങ്ങളും സംഭവിച്ചു. ശക്തമായ കാറ്റിൽ തെങ്ങ് ഒടിഞ്ഞുവീണ് സ്ത്രീ മരിച്ചു. ആലപ്പുഴ പാണാവള്ളി പഞ്ചായത്ത് മൂന്നാംവാർഡ് വൃന്ദാവനത്തിൽ മല്ലിക (52)ആണ് മരിച്ചത്.
ശക്തമായ കാറ്റിൽ കൊള്ളിമല സെൻറ് മേരീസ് യു.പി സ്കൂളിന്റെ 400 ഓളം ഓടുകൾ പറന്നു പോയി. ഇന്നലെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയത്തായിരുന്നു കാറ്റ് വീശിയത്. അധ്യാപകർ കുട്ടികളെ തൊട്ടടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി.
പാലക്കാട് മുതുതല പുത്തൻകവലയിൽ ഉണ്ടായ ശക്തമായ കാറ്റിൽ വൈദ്യുത പോസ്റ്റ് കടപുഴകി വീണു. വൈകീട്ട് നാല് മണിയോടെയാണ് മേഖലയിൽ മഴ തുടങ്ങിയത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ശക്തമായ കാറ്റിൽ പള്ളിയുടെ മേൽക്കൂര പറന്നുപോയി.