വന്യജീവി ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് വയനാട്ടിൽ നടന്ന ഹർത്താലിനിടെയുണ്ടായ പ്രതിഷേധങ്ങളിൽ കേസ്സെടുക്കാൻ പോലീസ്. അക്രമസംഭവങ്ങളിൽ പ്രതി ചേർക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരിക്കും കേസ് എടുക്കുക. വനം വകുപ്പിന്‍റെ വാഹനം ആക്രമിച്ചു, ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൃതദേഹം തടഞ്ഞു, പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങൾ പ്രതിഷേധക്കാർക്കെതിരെ ചുമത്തിയേക്കും. അക്രമം നടത്തിയ ആളുകളെ പ്രത്യേകം കണ്ടെത്തിയായിരിക്കും കേസിൽ പ്രതി ചേർക്കുക. ഇതിനായി അക്രമത്തിന്റെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. അക്രമം കടുത്തതോടെ പുൽപ്പള്ളിയിൽ നിരോധനാജ്‍ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ട് ദിവസത്തേക്കാണ് നിരോധനാജ്‍ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
ഹർത്താലിനിടെ സംഘടിച്ചെത്തിയ പ്രതിഷേധക്കാർ അക്രമം അഴിച്ചു വിടുകയായിരുന്നു. പോളിന്റെ ആശ്രിതർക്ക് സർക്കാർ ജോലി, അർഹമായ ധനസഹായം എന്നിവ ഉറപ്പാക്കണം എന്നായിരുന്നു ആവശ്യം. മൃതദേഹവുമായി പ്രതിഷേധിക്കുന്ന സ്ഥലത്ത് എത്തിയ എംഎൽഎമാർക്ക് നേരെ ജനം കുപ്പിയെറിഞ്ഞു. തടയാൻ ശ്രമിച്ച പൊലീസിന് നേരെ കല്ലും കസേരയുമെറിഞ്ഞു. വനംവകുപ്പിന്‍റെ ജീപ്പ് തടഞ്ഞ പ്രതിഷേധക്കാർ ടയറിന്‍റെ കാറ്റഴിച്ചു വിടുകയും റൂഫ് വലിച്ചു കീറുകയും ചെയ്തു. തുടർന്ന് വാഹനത്തിന് മുകളിൽ റീത്ത് വച്ചു. അക്രമം കടുത്തതോടെ പോലീസ് ലാത്തിച്ചാർജ് നടത്തി ആളുകളെ തുരത്തുകയിരുന്നു.
Read Also:ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം INSAT-3DS വിക്ഷേപിച്ചു; ദൗത്യം വിജയകരമെന്ന് ISRO









