കൊച്ചി: പോക്സോ കേസിന് ശേഷം സഹായിക്കാൻ എത്തിയ സുഹൃത്ത് തൻ്റെ ജീവനെടുക്കുമെന്ന് തോന്നിയ ഘട്ടത്തിൽ ആത്മഹത്യക്ക് ശ്രമിച്ച 19കാരി പെൺകുട്ടി നേരിട്ട കൊടും ക്രൂരതകൾ അക്കമിട്ട് നിരത്തി കുറ്റപത്രം.
സുഹൃത്ത് അനൂപ് മർദ്ദിക്കാൻ ഉപയോഗിച്ച ചുറ്റിക, ബെൽറ്റ്, ഷോൾ തുടങ്ങിയ തെളിവുകളും പോലീസ് കോടതിയിൽ സമര്‍പ്പിച്ചു. മറ്റൊരാളുമായി പെൺകുട്ടിക്ക് സൗഹൃദം ഉണ്ടെന്ന സംശയത്തിലായിരുന്നു ഇയാളുടെ മർദ്ദനം.
സംഭവ ദിവസം പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ജനുവരി 26നാണ് പോക്സോ അതിജീവിതയെ ചോറ്റാനിക്കരയിലെ വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
അനൂപിൻ്റെ ആക്രമണത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി രണ്ട് ദിവസത്തിന് ശേഷം ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്. പെൺകുട്ടി കുത്ത ലൈംഗിക അതിക്രമം നേരിട്ടതായും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കൊടിയ മർദ്ദനത്തിന് ശേഷം ‘നീ പോയി ചത്തോ’ എന്ന് അനൂപ് വിളിച്ചുപറഞ്ഞതാണ് ഏറ്റവും ഒടുവിലുണ്ടായ പ്രകോപനം എന്നും പോലീസ് പറയുന്നു. ഇതോടെയാണ് പെൺകുട്ടി ചുരിദാർ ഷാളിൽ തൂങ്ങിയത്. ഇതും, അനൂപ് ശ്വാസം മുട്ടിച്ചതുമാണ് മരണകാരണമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
ഒരു ദിവസം മുഴുവൻ വൈദ്യസഹായം നിഷേധിച്ചതും ജീവൻ അപകടത്തിലാക്കിയിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്ക് പെൺകുട്ടിക്ക് മസ്തിഷ്ക്ക മരണം സംഭവിച്ചിരുന്നു.
ഇൻസ്റ്റഗ്രാം വഴിയുണ്ടായ പരിചയം മുതലെടുത്ത് പെൺകുട്ടിയിൽ നിന്ന് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു പ്രതി അനൂപിന്റെ ലക്ഷ്യമെന്ന് കുറ്റപത്രത്തിൽ പോലീസ് പറയന്നു.
അനൂപിന്റെ വാക്കുകൾ വിശ്വസിച്ച് സ്വന്തം അമ്മയോട് പോലും പെൺകുട്ടി ദിവസവും വഴക്കിട്ടിരുന്നു. അനൂപിൻ്റെ ക്രിമിനൽ പശ്ചാത്തലം പെൺകുട്ടിക്ക് അറിയില്ലായിരുന്നു എന്നും ഇയാൾ ഇത് ബോധപൂർവം മറച്ചുപിടിച്ചാണ് അടുപ്പം ഉണ്ടാക്കിയതെന്നും പോലീസ് പറയുന്നു.