പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിനെതിരെ ആരോപണവുമായി സിപിഐ. സിപിഎമ്മിലെ അനൈക്യവും നേതാക്കളുടെ അഭിപ്രായവ്യത്യാസങ്ങളും പാലക്കാട് തോൽവിക്ക് കാരണമായി എന്നാണ് സിപിഐ പറയുന്നത്. ജില്ലാ കൗൺസിൽ യോഗത്തിൽ സെക്രട്ടറി കെ.പി.സുരേഷ് രാജ് അവതരിപ്പിച്ച റിപ്പോർട്ടിലാണ് വിമർശനം ഉള്ളത്.
തിരഞ്ഞെടുപ്പുസമയത്തെങ്കിലും നേതാക്കളുടെ വാക്കുകൾ നിയന്ത്രിക്കണമെന്ന അഭിപ്രായമാണ് യോഗത്തിൽ ഉയർന്നിരിക്കുന്നത്. പാലക്കാട് മണ്ഡലം കമ്മിറ്റി-തിരഞ്ഞെടുപ്പ് കമ്മറ്റി അവലോകന റിപ്പോർട്ട് ജില്ലാ കമ്മിറ്റിക്ക് കൈമാറിയിരുന്നു. ഘടകകക്ഷികളെ ഏകോപിപ്പിക്കുന്നതിൽ ഇടതുമുന്നണിക്ക് പിഴവ് പറ്റി. സിപിഎമ്മിന്റെ സംഘടനാ ദൗർബല്യം തോൽവിയിൽ ഒരു പ്രധാന പങ്ക് വഹിച്ചെന്നും എൽഡിഎഫിന്റെ പത്രപരസ്യവും ട്രോളി ബാഗും പാതിരാറെയ്ഡുമെല്ലാം തിരിച്ചടിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
പാണക്കാട് സാദിഖലി തങ്ങൾക്കെതിരേയുള്ള മുഖ്യമന്ത്രിയുടെ പരാമർശവും ദോഷമാണുണ്ടാക്കിയത്. എൽഡിഎഫിലെ ഘടകകക്ഷികൾ പലപ്പോഴും കാര്യങ്ങൾ അറിഞ്ഞില്ല. തിരഞ്ഞെടുപ്പ് കൺവെൻഷന് ശേഷം മുന്നണി യോഗം കൂടിയത് ഒരു തവണ മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു.