കോട്ടയം: പാല അന്തിനാട് ഗവ. യുപി സ്‌കൂളിലെ 7 അധ്യാപകരെ സ്ഥലംമാറ്റി. അധ്യാപകരാണെന്ന വിചാരമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ സ്ഥിരമായി തമ്മില്‍ തല്ലുന്നതിന്റെ പേരിലാണ് വിദ്യാഭ്യാസ വകുപ്പ് ഇവർക്കെതിരെ നടപടി എടുത്തത്.
പ്രധാനാധ്യാപക അടക്കം 8 അധ്യാപകരാണ് സ്‌കൂളില്‍ ഉണ്ടായിരുന്നത്. ഇവര്‍ തമ്മില്‍ നിരന്തരം പ്രശ്‌നങ്ങൾ പതിവായതോടെയാണ് പരാതി ഉയർന്നത്.
പ്രാധാനാധ്യാപികയുടെ നിര്‍ദ്ദേശം പോലും വകവയ്ക്കാതെയാണ് അധ്യാപകർ കുട്ടികള്‍ക്ക് മുന്നിൽ വച്ച് വാക്കു തര്‍ക്കവും കൈയ്യാങ്കളിയും പതിവാക്കിയത്.
പലതവണ ആവശ്യപ്പെട്ടിട്ടും അധ്യാപികമാര്‍ വഴങ്ങാതെ വന്നതോടെ പ്രധാനാധ്യാപിക 2 മാസം മുന്‍പ് അവധിയില്‍ പ്രവേശിക്കുകയായിരുന്നു.
ഇതോടൊപ്പം വിദ്യാഭ്യാസ വകുപ്പിന് പരാതിയും നല്‍കി. സ്‌കൂളിലെ രക്ഷിതാക്കളും കുട്ടികളും നിരന്തരം പരാതി നല്‍കിയതോടെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങിയത്. സംഭവത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കി.
ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നയന പി. ജേക്കബ്, ധന്യ പി. ഗോപാല്‍, അമല്‍ ജോസ്, സുനിത തങ്കപ്പന്‍, മേരിക്കുട്ടി, കെ.ജി. മനുമോള്‍, കെ.വി. റോസമ്മ എന്നിവര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്.
പ്രധാനാധ്യാപക അവധി റദ്ദാക്കി വരുന്നതുവരെ ആരും ഇല്ലാത്ത അവസ്ഥയിലാണ് അന്തിനാട് ഗവ. യുപി സ്‌കൂള്‍.









